പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി: കേന്ദ്ര തീരുമാനത്തിന് വിരുദ്ധം, ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ വിടുന്നത് രോഗവ്യപനത്തിന് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

കൊച്ചി: പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സംസ്ഥാനത്ത് അവരെ സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ ഏഴു ദിവസം മാത്രം ക്വാറന്റീന്‍ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് വിരുദ്ധം. ഗര്‍ഭിണികളെയും പ്രായമായവരെയും കുഞ്ഞുകുട്ടികളെയും വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ വീട്ടില്‍ വിടാനുള്ള തീരുമാനം അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ്–19 രോഗത്തിന്റെ ഇന്‍കുബേഷന്‍ കാലാവധി 14 ദിവസമാണ് എന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ നിന്ന് ഏകദേശം വ്യക്തമായിട്ടുള്ളത്. ഈ സമയത്ത് എപ്പോള്‍ വേണമെങ്കിലും രോഗപരിശോധനയില്‍ ഫലം പോസിറ്റീവ് ആകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട നടപടിക്രമങ്ങള്‍ പ്രകാരം 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനാണ് ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നോര്‍ക്കയും 14 ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമുള്ള ഒരുക്കങ്ങളാണ് ബുധനാഴ്ച നടത്തിയതും. എന്നാല്‍ സംസ്ഥാനം നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഏഴു ദിവസത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ നിരീക്ഷണവും തുടര്‍ന്ന് രോഗബാധ ഇല്ലെങ്കില്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്റീന്‍ ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്.

രോഗലക്ഷണമില്ലാത്തവരെ നേരത്തെ വീടുകളില്‍ ക്വാറന്റീനിലാക്കാന്‍ തീരുമാനിച്ചെങ്കിലും പലഭാഗത്തു നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏഴു ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരും മാറിയത്. ആരോഗ്യ വിഷയങ്ങളില്‍ സംസ്ഥാനത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര വകുപ്പുമായി സംസാരിച്ച് വ്യക്തത വരുത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കോവിഡിനു എഴു ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡാണുള്ളത് എന്ന നിലപാടാണ് ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത്. അതുകൊണ്ടാണ് ഏഴു ദിവസത്തെ ക്വാറന്റീനു ശേഷം ഇവരെ രോഗപരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പു വരുത്തി വീടുകളിലേയ്ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റീന് അയയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചത്. ഇതു തന്നെ ബുധനാഴ്ച മുഖ്യമന്ത്രിയും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

നോര്‍ക്ക 14 ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന ഉത്തരവ് ഇറക്കിയ വിവരം അറിയില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. എല്ലാവരെയും ബോര്‍ഡിങ്ങിനു മുമ്പ് വിമാനത്താവളത്തില്‍ പരിശോധന നടത്തി പോസിറ്റീവ് അല്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നത്. ഇവിടെ എത്തിയ ശേഷവും പരിശോധനകള്‍ നടത്തിയാണ് പുറത്തു വരുന്നത്. ഗര്‍ഭിണികളുടെ കാര്യത്തിലും അവരെ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടില്‍ വിടുന്നതിനാല്‍ അപകടമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്.

അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പ് 14 ദിവസം ക്വാറന്റീന്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സംസ്ഥാന നിലപാട് അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞത്. സംസ്ഥാന സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ എംഎച്ച്എയുമായി ആലോചിച്ച് ഇത് തീരുമാനിക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്ഡൗണ്‍ വിഷയത്തില്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര ഉത്തരവിന് വിപരീതമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം ഒരു സാഹചര്യം ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിനാകണം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി സംസാരിച്ച് വ്യക്തത വരുത്തിയത്.

കര്‍ശന ഹോം ക്വാറന്റീന്‍ പറയുന്നുണ്ടെങ്കിലും ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ വിടുന്നത് രോഗവ്യപനത്തിന് ഇടയാക്കിയേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ ഹോം ക്വാറന്റീനിലുള്ള കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് അദ്ദേഹത്തിന്റെ വീട്ടിലെ പത്തു പേര്‍ക്ക് രോഗം വ്യാപിച്ചത് ഇതിന് ഉദാഹരണമാണ്.

സര്‍ക്കാര്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുള്ളവരാണ് ഇപ്പോള്‍ എത്തുന്നത്. അവരെ തന്നെ ദ്രുതപരിശോധനയും പിസിആറും മറ്റു പരിശോധനകളും നടത്തിയ ശേഷമാണ് ഏഴു ദിവസം മാത്രമാണെങ്കിലും ക്വാറന്റീനിലാക്കുന്നത്. വീണ്ടും പരിശോധന നടത്തിയ ശേഷം ബാക്കി ഏഴു ദിവസത്തേയ്ക്ക് വീട്ടില്‍ നിരീക്ഷണത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അത്ര കുഴപ്പം പിടിച്ചതാവില്ലെന്നാണ് ഐഎംഎ എറണാകുളം ജില്ലാ ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറയുന്നത്. അതേ സമയം ഗര്‍ഭിണികളെയും കുട്ടികളെയും വീട്ടിലേയ്ക്ക് വിടുമ്പോള്‍ പ്രായമുള്ളവര്‍ ഒരു കാരണവശാലും വീടുകളിലുണ്ടാകരുത്. ഇവരെ സന്ദര്‍ശിക്കാന്‍ ഒരാളും യാതൊരു കാരണവശാലും ശ്രമിക്കരുതെന്നും അദ്ദേഹം പറയുന്നു.

pathram:
Leave a Comment