ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആശിഷ് നെഹ്‌റ

ദേശീയ ടീമിലെത്തുന്ന താരങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണ കൊടുത്ത് ഒരു സ്ഥിരം ടീമിനെ രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇപ്പോഴും സാധിക്കുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ പേസ് ബോളര്‍ ആശിഷ് നെഹ്‌റ രംഗത്ത്. മികച്ച താരങ്ങളുണ്ടായിട്ടും ഓസ്‌ട്രേലിയയുടെയും വെസ്റ്റിന്‍ഡീസിന്റെയും പ്രതാപകാലത്തെ ടീമിനൊപ്പമെത്താന്‍ കോലിക്കും സംഘത്തിനും സാധിക്കാത്തത് ഇതുകൊണ്ടാണെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി. മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ പകരക്കാരനെന്ന നിലയില്‍ ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് ഇപ്പോള്‍ സഹതാരങ്ങള്‍ക്ക് വെള്ളം എത്തിക്കുന്ന ആളായി മാറിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നെഹ്‌റയുടെ വിമര്‍ശനം. ഡല്‍ഹിയിലും ഇന്ത്യന്‍ ടീമിലും തന്റെ സഹതാരമായിരുന്ന ആകാശ് ചോപ്രയുടെ ‘ആകാശവാണി’ എന്ന പരിപാടിയിലാണ് നെഹ്‌റയുടെ തുറന്നുപറച്ചില്‍.

‘ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ ടീമില്‍നിന്നൊക്കെ വളരെ ദൂരെയാണ്. തുടര്‍ച്ചയായി മൂന്നു ലോകകപ്പ് നേടിയ, 1996ല്‍ ഫൈനലിലെത്തിയ, 18–19 ടെസ്റ്റ് മത്സരങ്ങള്‍ നാട്ടിലും വിദേശത്തും തുടര്‍ച്ചയായി ജയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന് ആ നിലവാരത്തിലേക്ക് എത്താന്‍ കഴിയില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ടീമിനു ബലമേകാന്‍ ടീമില്‍ സ്ഥിരാംഗങ്ങളായ ഒരു കൂട്ടം താരങ്ങള്‍ വേണം. ഭക്ഷണമേശയില്‍ കുറേയധികം വിഭവങ്ങളുണ്ടെങ്കില്‍ കഴിക്കുന്നയാള്‍ക്ക് ഏതെടുക്കും എന്ന് സംശയമാകും. അതിലും നല്ലത് എണ്ണം കുറവെങ്കിലും രുചികരമായ വിഭവങ്ങളാണ്’ – നെഹ്‌റ വിശദീകരിച്ചു.

സമീപകാലം വരെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായിരിക്കുകയും പിന്നീട് ലോകേഷ് രാഹുല്‍ വിക്കറ്റ് കീപ്പറായതോടെ ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്ത ഋഷഭ് പന്തിന്റെ കാര്യം നെഹ്‌റ ഉദാഹരണമായി എടുത്തുകാട്ടി. മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയെന്ന നിലയില്‍ എതിരാളികളില്ലാതെ ടീമിലെത്തിയ പന്തിന്റ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് നെഹ്‌റ ചൂണ്ടിക്കാട്ടി. ‘പ്രതിഭാധനരായ താരങ്ങള്‍ ടീമിലുണ്ട്. പക്ഷേ, അവരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണയ്ക്കാനാകണം. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളുടെ കാര്യം വരുമ്പോള്‍ ഇപ്പോഴും ആരു കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിലവില്‍ കെ.എല്‍. രാഹുലാണ് ആ സ്ഥാനത്ത് കളിക്കുന്നത്. ധോണിയുടെ പകരക്കാരനാകാന്‍ കൊണ്ടുവന്ന ഋഷഭ് പന്ത് വെള്ളം കൊടുക്കുന്നു’ – നെഹ്‌റ ചൂണ്ടിക്കാട്ടി.

‘തനിക്ക് ലഭിച്ച അവസരങ്ങളില്‍ ചിലത് പന്ത് പാഴാക്കിയെന്ന കാര്യത്തില്‍ എനിക്കും സംശയമില്ല. എങ്കില്‍ക്കൂടി പന്തിനെ ടീമില്‍ നിലനിര്‍ത്തണം. കാരണം, 22–23 വയസായപ്പോഴേക്കും തന്റെ പ്രതിഭയെന്തെന്ന് രാജ്യാന്തര വേദിയില്‍പ്പോലും തെളിയിച്ച താരമാണ് പന്ത്’ – നെഹ്‌റ പറഞ്ഞു.

pathram:
Related Post
Leave a Comment