മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് യുവതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളി യുവതാരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. കളിയില്‍ പരമാവധി ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ അദ്വിതീയനായ മഹേന്ദ്രസിങ് ധോണിയാണ് മാതൃകയെന്നും സഞ്ജു വെളിപ്പെടുത്തി.

എന്റെ ശക്തിയെന്തെന്ന് തിരിച്ചറിഞ്ഞ് അതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. പിഴവുകളെ അംഗീകരിക്കാനും പഠിച്ചു. ടീമിനായി പരമാവധി സംഭാവനകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. കളിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ബാറ്റു ചെയ്യുമ്പോള്‍ എം.എസ്. ധോണിയേപ്പോലെ വികാരങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനുമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്’ – ഇരുപത്തഞ്ചുകാരനായ സഞ്ജു വെളിപ്പെടുത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരങ്ങളായ രാഹുല്‍ ദ്രാവിഡും ഗൗതം ഗംഭീറും സ!ഞ്ജുവിന്റെ പ്രതിഭയെക്കുറിച്ച് പലതവണ വാചാലരായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനമുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. 2015ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കളിച്ചത് നാല് രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ മാത്രം. കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചതിനേക്കാളെ മത്സരങ്ങള്‍ ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. അവസരം ലഭിച്ച മത്സരങ്ങളില്‍ ഉജ്വല തുടക്കമിട്ടെങ്കിലും സുദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാറ്റിങ്ങില്‍ ധോണിയേപ്പോലെ വികാരങ്ങളെ നിയന്ത്രിച്ചുകളിക്കാനാണ് ശ്രമമെന്ന സഞ്ജുവിന്റെ തുറന്നുപറച്ചില്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 പരമ്പരകളില്‍ പലതവണ സഞ്ജു ടീമിലേക്ക് വിളിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.

‘വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ലഭിച്ച അവസരം അവിസ്മരണീയമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമായിരിക്കുക, ചുറ്റിലും വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുണ്ടായിരിക്കുക എന്നൊക്കെ പറയുമ്പോള്‍ അതെന്തൊരു അനുഭവമായിരിക്കുമെന്ന് ഊഹിക്കാമല്ലോ’ – സഞ്ജു വിശദീകരിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനു മുന്നോടിയായി നടന്ന ന്യൂസീലൻഡ് പര്യടനത്തിൽ സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങാൻ ടീം മാനേജ്മെന്റ് നിയോഗിച്ചത് ആത്മവിശ്വാസമുയർത്തിയെന്നും സഞ്ജു വെളിപ്പെടുത്തി. ‘വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ ഇത്തരം നിർണായക സമയത്ത് നമ്മിൽ വിശ്വാസമർപ്പിക്കുന്നത് തന്നെ വലിയ കാര്യമല്ലേ? ടീമും സഹതാരങ്ങളും നമ്മളെ മാച്ച് വിന്നറായി പരിഗണിക്കുന്നതും പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്’ – സഞ്ജു പറഞ്ഞു. സഞ്ജു സാംസണിനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള യുവതാരങ്ങളെ സംരക്ഷിക്കാനും വളർത്തിയെടുക്കാനും വിരാട് കോലിയും രോഹിത് ശർമയും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment