കൊച്ചി: കോവിഡ് പ്രതിരോധ ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ മേല്‍നോട്ടത്തിനു നിയോഗിക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയം. റേഷന്‍ കടയിലെ ഗുരുശിഷ്യബന്ധമാണു മിക്ക ട്രോളുകളിലും പ്രമേയമാകുന്നത്. ക്ലാസില്‍ ചോക്കുകൊണ്ട് എറിയുന്നതു ശീലമാക്കിയ അധ്യാപകര്‍ ഓര്‍ക്കാതെ കിലോ കട്ടയെടുത്ത് എറിയുന്നതും ക്യൂവില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ശിക്ഷയായി മണ്ണെണ്ണ ബാരലിനു മുകളില്‍ കയറ്റി നിര്‍ത്തുന്നതുമൊക്കെ ട്രോളിലുണ്ട്.
റേഷന്‍ കടയിലെ കണക്കു ടീച്ചര്‍ കണക്കു കൂട്ടാന്‍ പറയുമോ എന്നാണു ചിലര്‍ക്ക് പേടി. റേഷന്‍ കടയില്‍ ഡ്യൂട്ടി കിട്ടിയ കെമിസ്ട്രി ടീച്ചര്‍ മണ്ണെണ്ണ വാങ്ങാനെത്തിയ വിദ്യാര്‍ഥിയോട് മണ്ണെണ്ണയുടെ പിഎച്ച് വാല്യു ചോദിക്കുന്നതാണു മറ്റൊരു ട്രോള്‍. റേഷന്‍ വാങ്ങാന്‍ വന്നവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ട ടീച്ചര്‍ കലി പിടിച്ച് ഇതു ചന്തയാണോ എന്ന് ചോദിക്കുന്ന മറ്റൊരു ട്രോള്‍. ഇത് ശരിക്കും ചന്തതന്നെയാണെന്ന് ടീച്ചര്‍ മറന്നു കളഞ്ഞു. കടയിലായാലും ടീച്ചറാണെങ്കില്‍ ജോലി തുടങ്ങാന്‍ ബെല്ലടി കേള്‍ക്കണമത്രേ. ഇന്റര്‍നാഷനല്‍ ചളു യൂണിയന്റെ പേജിലാണ് ട്രോളുകള്‍ ഏറെയും