മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്..? പ്രവാസികളുടെ തിരിച്ചുവരവിനെ കുറിച്ച് വിവരിച്ച് കേന്ദ്ര മന്ത്രി മുരളീധരൻ

വിദേശത്തുനിന്നു വരാൻ‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഘട്ടംഘട്ടമായാണു പ്രവാസികളെ തിരികെ കൊണ്ടുവരികയെന്നും എത്രപേരെ കൊണ്ടുവരുമെന്ന കണക്കുകൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിശോധന നടത്തിയവർക്കാണ് തിരികെവരാൻ കഴിയുക. ഐസിഎംആറാണ് പരിശോധനയും ക്വാറന്റീനും അടക്കമുള്ളവയുടെ പ്രവർത്തനരീതി തീരുമാനിക്കുന്നത്. ഇതു കേന്ദ്രവും വിദേശകാര്യ വകുപ്പും പാലിക്കും.

ഐസിഎംആറിന്റെ തീരുമാനം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ ആദ്യ ആഴ്ച മുതൽ തയാറെടുപ്പുകൾ നടത്തിവരികയാണ്. ഇവിടെനിന്ന് ആരോഗ്യസംഘം വിദേശത്തു പോയി പരിശോധന നടത്തിയാൽ ഫലം ലഭിക്കാൻ മൂന്നു ദിവസമെടുക്കും. അതിനാൽ കോവിഡ് പരിശോധനയുടെ സർടിഫിക്കറ്റുമായി വരണമെന്നാണു പ്രവാസികളോട് പറഞ്ഞിരിക്കുന്നത്. ഒരു വിമാനത്തിനകത്ത് 200 പേർ കയറുമ്പോൾ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണ്. വിമാനത്താവളങ്ങളിൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ കയറ്റൂ. യാത്രയ്ക്കിടെ അസുഖമുണ്ടെന്ന് തോന്നിയാൽ അവർക്കുവേണ്ടി വിമാനത്തിനകത്ത് ഐസലേഷൻ പോയിന്റ് ഒരുക്കും.

ഒന്നിലധികം സ്ഥലങ്ങളെ ബന്ധപ്പെടുത്തി വിമാനസർവീസ് നടത്തുന്നതും പരിഗണിക്കും. ഏതു രാജ്യങ്ങളിലുള്ളവരോടും ഏതു വിമാനത്താവളത്തിലേക്കാണ് യാത്ര വേണ്ടത് എന്നന്വേഷിച്ചാണ് വിമാന സൗകര്യം ഒരുക്കുക. അവരാവശ്യപ്പെടുന്ന പ്രത്യേക വിമാനത്താവളത്തിലേക്ക് കൊണ്ടുവരാൻ സംവിധാനം ഒരുക്കും. നാവികസേനയുടെ മൂന്ന് കപ്പലുകൾ മാലിയിലേക്കും ഇറാനിലേക്കും പോയിക്കഴിഞ്ഞു. ഇതിനായി ഏപ്രിൽ ആദ്യആഴ്ച മുതൽ തുടങ്ങിയ പ്രവർത്തനമാണ് ഇപ്പോൾ‍ പ്രാവർത്തികമാക്കുന്നത്.

നോൺഷെഡ്യൂൾഡ് വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്നതിനാൽ നിശ്ചയിച്ച നിരക്ക് ഈടാക്കേണ്ട അവസ്ഥയാണ്. എന്നാൽ പ്രവാസികളെ പിഴിഞ്ഞു കാശുണ്ടാക്കാൻ കമ്പനികൾക്ക് അവസരം കൊടുക്കില്ല. ഏകീകരിച്ച നിരക്കാണ് ഈടാക്കുക. പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോൾ പല സംസ്ഥാനങ്ങളും ഇപ്പോഴും നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടില്ല. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നുണ്ട്. വിമാനത്തിന്റെ കാര്യത്തിലുള്ള ലഭ്യതയും കൊണ്ടുവരുന്നവരുടെ എണ്ണത്തെ ബാധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന് 80,000 പേരുടെ കണക്ക് എവിടെനിന്നു കിട്ടിയെന്ന് അറിയില്ല. കേന്ദ്രത്തിന് ക്വാറന്റീന്‍ സംവിധാനം ഒരുക്കാനുള്ളവരുടെ കണക്കാണു നോർക്ക കൈമാറിയത്. വിദേശത്തെ എംബസികളോട് റജിസ്ട്രേഷൻ പൂർത്തിയാക്കാൻ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചാണ് പ്രവാസികളെ തിരികെ കൊണ്ടുവരിക. കണ്ണൂർ വിമാനത്താവളം പട്ടികയിൽ ഇല്ലെന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്. നാലു വിമാനത്താവളത്തിലേക്കും കൊണ്ടുവരുമെന്നാണ് നിലവിലെ തീരുമാനം.

മരണപ്പെട്ടവരുടെ ബന്ധുക്കൾ അടക്കം എട്ടു വിഭാഗങ്ങളായാണ് പ്രവാസികളെ കൊണ്ടുവരിക. നിലവിൽ‍ എത്ര പേർ വരുമെന്നു സംസ്ഥാനങ്ങളെ അറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എംബസികളിൽ റജിസ്റ്റർ ചെയ്തവരുടെ കരടു പട്ടിക ലഭിക്കുന്ന മുറയ്ക്കാണ് കണക്ക് കൈമാറുക. വിദേശകാര്യ വകുപ്പിന്റെ ഉന്നതതല യോഗം വൈകിട്ട് ആറുമണിയോടെയാണ് പൂർത്തിയായത്. അഞ്ചിന് പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിക്ക് ഈ വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7