കൊറോണ വ്യാപനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആശങ്കയിലാക്കി ആഫ്രിക്കന്‍ സ്‌വൈൻ ഫ്ലൂ(എഎസ്എഫ്). ഫ്രെബുവരിക്കു ശേഷം അസമില്‍ മാത്രം 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധിച്ചു മരിച്ചത്. ഈ പനി ബാധിക്കുന്ന പന്നികള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല. ഇതോടെ ഇന്ത്യയിലെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം മാറി.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു പന്നികളില്‍ എഎസ്എഫ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് പോലെ ഈ വൈറസും ചൈനയില്‍നിന്നാണു പടര്‍ന്നിരിക്കുന്നതെന്ന് അസം ആരോപിച്ചു. 2018നും 2020നും ഇടയില്‍ ചൈനയിലെ 60% വളര്‍ത്തു പന്നികളാണ് എഎസ്എഫ് ബാധിച്ചു ചത്തത്. 2019 നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിന്റെ മേഖലകളിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അതുല്‍ ബോറ പറഞ്ഞു.
അസമിന്റെ കിഴക്കന്‍ മേഖലയില്‍ ഏപ്രില്‍ പകുതിയോടെ പന്നികള്‍ ചത്തു തുടങ്ങിയിരുന്നു. 2019ലെ കണക്കനുസരിച്ച് അസമില്‍ 21 ലക്ഷത്തോളം പന്നികളുണ്ട്. ഇപ്പോഴത് 30 ലക്ഷത്തോളം ആയിട്ടുണ്ടെന്നാണു നിഗമനം. രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ പന്നികളുടെ കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ(ഐസിഎആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പിഗ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും വനംവകുപ്പിനും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍ദേശം നല്‍കി. പനി ബാധിച്ച എല്ലാ പന്നികളെയും കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പന്നികള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും.