അരങ്ങേറ്റസമയത്ത് കൈവശമുണ്ടായിരുന്നത് ഒരു പഴയ ജോടി ഷൂ മാത്രമായിരുന്നു; ഇന്നിങ്‌സിന്റെ ഇടവേളയിലും ഈ ഷൂ തുന്നി ഉപയോഗിച്ചിരുന്നു വെളിപ്പെടുത്തലുമായി നെഹ് റ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലം പലരും പഴയകാര്യങ്ങള്‍ ഒക്കെ ഓര്‍ത്തെടുക്കുകയും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ്. സിനിമാ താരങ്ങളും കായികതാരങ്ങളും തുടങ്ങി എല്ലാവരും അവരുടെ പഴയകാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റു പങ്കുവയ്ക്കുന്നത് വാര്‍ത്ത ആകാറുമുണ്ട്. ഇപ്പോള്‍ ഓറ്റവും ഒടുവില്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുന്നത് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കൈവശമുണ്ടായിരുന്നത് ഒരു പഴയ ജോടി ഷൂ മാത്രമായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ രംഗത്ത്. അരങ്ങേറ്റ ടെസ്റ്റിനിടെ ഓരോ ഇന്നിങ്‌സിന്റെ ഇടവേളയിലും ഈ ഷൂ തുന്നി ഉപയോഗിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയതെന്ന് നെഹ്‌റ വെളിപ്പെടുത്തി. ഡല്‍ഹി ടീമിലും പിന്നീട് ഇന്ത്യന്‍ ടീമിലും തന്റെ സഹതാരമായിരുന്ന കമന്റേറ്റര്‍ ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിലാണ് നെഹ്‌റ കഷ്ടപ്പാടു നിറഞ്ഞ ആദ്യ ദിനങ്ങള്‍ ഓര്‍ത്തെടുത്തത്.

1999ലാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി ലഭിക്കുന്നത്. അന്ന് രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ഒരേയൊരു ഷൂവാണ് ഉണ്ടായിരുന്നത്. അതുമായാണ് ദേശീയ ടീമിനൊപ്പം ചേര്‍ന്നത്. ഓരോ ഇന്നിങ്‌സിനുശേഷവും !ഡ്രസിങ് റൂമില്‍ പോയിരുന്ന് തുന്നിയാണ് ആ ഷൂ ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കിയത്’ – നെഹ്‌റ വിവരിച്ചു.

തുടക്കക്കാലത്ത് കളിച്ചിരുന്ന ക്ലബ്ബിന്റെ പരിശീലകനൊപ്പമുള്ള രസകരമായ നിമിഷങ്ങളും ചോപ്രയുടെ ആകാശവാണി എന്ന പരിപാടിയില്‍ നെഹ്‌റ ഓര്‍ത്തെടുത്തു. ‘അന്ന് ഞങ്ങളാണ് കോച്ചിനെ സ്ഥിരമായി ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നത്. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ ഒരു കൂട്ടമാളുകളുണ്ടായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോള്‍ കോച്ച് ഞങ്ങളോട് വ്യത്യസ്തങ്ങളായ ബോളിങ് ആക്ഷനുകള്‍ കാണിക്കാന്‍ പറയും. സ്‌റ്റേഷനു മുന്നില്‍ കിടക്കുന്ന കല്ലുകളെടുത്താണ് ഞങ്ങള്‍ അദ്ദേഹത്തെ ബോളിങ് ആക്ഷന്‍ കാണിച്ചിരുന്നത്’ – നെഹ്‌റ പറഞ്ഞു.

1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് നെഹ്‌റ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. കൊളംബോയിലായിരുന്നു മത്സരം. ഇതിനു മുന്നോടിയുള്ള പരിശീലന സെഷനില്‍ ആദ്യമായാണ് താന്‍ കൂക്കബൂറ പന്തുകള്‍ ഉപയോഗിച്ചതെന്നും നെഹ്‌റ വെളിപ്പെടുത്തി.

‘അന്ന് ആദ്യമായാണ് ഞാന്‍ കൂക്കബൂറ പന്ത് കൈകൊണ്ട് തൊടുന്നത്. ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്ന് ചിന്തിച്ചുനോക്കൂ. 21 വര്‍ഷം മുന്‍പത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. വെറും രണ്ട് നെറ്റ് സെഷനുകളില്‍ കൂക്കബൂറ പന്തുകള്‍ ഉപയോഗിച്ചതിന്റെ പരിചയത്തിലാണ് ഞാന്‍ കന്നി ടെസ്റ്റിനിറങ്ങിയത്’ – നെഹ്‌റ വിശദീകരിച്ചു.

ആദ്യമായി ദേശീയ ടീമിലെത്തുമ്പോള്‍ ആകെ പരിചയമുണ്ടായിരുന്നത് ഹര്‍ഭജന്‍ സിങ്ങിനെ മാത്രമായിരുന്നെന്നും നെഹ്‌റ അനുസ്മരിച്ചു. ‘ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചപ്പോള്‍ ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലെത്തിയശേഷം അവിടെനിന്നാണ് ഞാന്‍ ശ്രീലങ്കയിലേക്ക് പോയത്. ചെന്നൈയില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോള്‍ അവര്‍ എന്റെ റൂമിന്റെ താക്കോല്‍ തന്നു. ഹര്‍ഭജന്‍ സിങ്ങിന്റെ റൂം ഏതാണെന്ന് ഞാന്‍ അന്വേഷിച്ചു. എനിക്കന്ന് ആകെ പരിചയമുണ്ടായിരുന്നത് ഹര്‍ഭജനെയാണ്. ആകെ സംസാരിച്ചിട്ടുള്ളതും അദ്ദേഹത്തോടു മാത്രം. ഹോട്ടലിലെ അന്തരീക്ഷം വളരെ ശാന്തമായിരുന്നു. അന്ന് പരിശീലന സമയത്തും ഞാന്‍ എപ്പോഴും ഹര്‍ഭജന്റെ അടുത്തു പോയിരിക്കും’ – നെഹ്‌റ ഓര്‍മിച്ചു.

കൊളംബോയിലെ അരങ്ങേറ്റ ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം മര്‍വന്‍ അട്ടപ്പട്ടുവിന്റെ വിക്കറ്റ് നേടിയത് നെഹ്‌റയായിരുന്നു. ടെസ്റ്റിനിടെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം !ഡ്രസിങ് റൂം പങ്കിട്ടത് വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് നെഹ്‌റ പറഞ്ഞു.

‘തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. ആദ്യം കണ്ടപ്പോള്‍ ഏതാനും മിനിറ്റുകള്‍ ഞാന്‍ അസ്ഹറുദ്ദീനെയും സച്ചിനെയും നോക്കിനിന്നുപോയി. അതുവരെ അവരെയൊക്കെ ടിവിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അന്ന് ഐപിഎല്ലൊന്നുമില്ലല്ലോ. ഇന്നത്തെക്കാലത്ത് യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനൊക്കെ ഒരുപാട് സമയം കിട്ടുന്നുണ്ട്. അത് വളരെ നല്ലതുമാണ്. ഞാന്‍ ടീമിലെത്തുമ്പോള്‍ ടീമിലെ പലരും എന്റെ ബോളിങ് കണ്ടിട്ടുകൂടിയുണ്ടായിരുന്നില്ല. അന്ന് ആഭ്യന്തര മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പതിവില്ലായിരുന്നു’ – നെഹ്‌റ പറഞ്ഞു.

തുടര്‍ച്ചയായി പരുക്കുകള്‍ അലട്ടിയ കരിയറിനൊടുവില്‍ 2017ലാണ് നെഹ്‌റ വിരമിച്ചത്. ഇതിനിടെ രണ്ടു ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ചു. 2003ലെ ലോകകപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടിയപ്പോള്‍ 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായി. 120 ഏകദിനങ്ങളില്‍നിന്ന് 157 വിക്കറ്റും 17 ടെസ്റ്റുകളില്‍നിന്ന് 44 വിക്കറ്റും 27 ട്വന്റി20കളില്‍നിന്ന് 34 വിക്കറ്റും വീഴ്ത്തി.

pathram:
Leave a Comment