10 വയസ്സ് മൂത്ത ഹസിന്‍ ജഹാനുമായി വിവാഹം; മുഹമ്മദ് ഷമ്മി നേരിട്ട പ്രതിസന്ധി

ന്യൂഡല്‍ഹി : കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ല്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില പാകപ്പിഴകളുടെ പേരില്‍ ജീവിതം തകര്‍ന്നതോടെയാണ് ആത്മഹത്യയില്‍ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഹതാരം രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണു ഷമി തുറന്നുപറഞ്ഞത്. താന്‍ എന്തെങ്കിലും കടുംകൈ ചെയ്‌തേക്കുമെന്ന ഭയത്താല്‍ അക്കാലത്തു സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്കു കാവലിരുന്നെന്നും ഷമി പറഞ്ഞിരുന്നു. ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബപ്രശ്‌നങ്ങളായിരുന്നു അക്കൂട്ടത്തില്‍ മുഖ്യം.

‘ആ സമയത്ത് എന്റെ ജീവിതം ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാന്‍ തകര്‍ന്നു. 3 തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ഗൗരവത്തോടെ ചിന്തിച്ചത്. ഞങ്ങള്‍ താമസിച്ചിരുന്ന 24 നില അപാര്‍ട്‌മെന്റിന്റെ മുകളില്‍നിന്നു ഞാന്‍ ചാടുമോയെന്നായിരുന്നു വീട്ടുകാരുടെ ഭയം. കുടുംബവും സുഹൃത്തുക്കളും നല്‍കിയ ഉറച്ച പിന്തുണയാണ് എന്നെ രക്ഷിച്ചത്’ – ഷമി പറഞ്ഞു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന കാര്യം പോലും ആലോചിച്ചിരുന്നതായുള്ള ഷമിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ഹസിന്‍ ജഹാന്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഷമിയുമായി അകന്ന് ബംഗാളിലെ വീട്ടിലാണ് ഇപ്പോഴുള്ളതെങ്കിലും ഈ ലോക്ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഹസിന്‍ ജഹാന്‍. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം സ്ഥിരമായി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഷമിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചില ആരാധകര്‍ കമന്റുകളുമായി ഹസിന്‍ ജഹാന്റെ വിവിധ പോസ്റ്റുകള്‍ക്ക് ചുവടെ എത്തിയിരുന്നു. മകളെയോര്‍ത്തെങ്കിലും എല്ലാ പ്രശ്‌നങ്ങളും മറന്ന് വീണ്ടും ഒരുമിക്കാന്‍ ‘ഉപദേശിച്ച’ ആരാധകരുമുണ്ട്.

പ്രായത്തില്‍ തന്നേക്കാള്‍ 10 വയസ്സ് മൂത്ത ഹസിന്‍ ജഹാനെ 2014 ജൂണ്‍ ആറിനാണ് മുഹമ്മദ് ഷമി ജീവിതത്തില്‍ കൂടെ കൂട്ടിയത്. 2012ലെ ഐപിഎല്‍ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളര്‍ന്നാണ് വിവാഹത്തിലെത്തിയത്. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ വിവാഹിതയായിരുന്നു ഹസിന്‍ ജഹാന്‍. ബംഗാളില്‍ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. മക്കളായ ശേഷം പഠനം തുടരണമെന്ന ആഗ്രഹത്തിന് ഭര്‍ത്താവും കുടുംബവും എതിരുനിന്നതോടെയാണ് 2010ല്‍ ആ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

ആദ്യ വിവാഹത്തിന്റെ കാര്യം പറയാതെയാണ് ഹസിന്‍ ജഹാന്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനു പിന്നാലെ 2018ല്‍ ഷമി ആരോപിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍മക്കള്‍ മരിച്ചുപോയ സഹോദരിയുടേതാണെന്ന് പറഞ്ഞിരുന്നതായും ഷമി വെളിപ്പെടുത്തി. ഷമിയെ പരിചയപ്പെടുന്ന കാലത്ത് അത്യാവശ്യം അറിയപ്പെടുന്ന മോഡലായിരുന്നു ഹസിന്‍ ജഹാന്‍. അഭിനയമായിരുന്നു സ്വപ്നം. എന്നാല്‍ ഷമിയുമായുള്ള വിവാഹത്തിനു പിന്നാലെ മോഡലിങ് ഉപേക്ഷിച്ചു. പിന്നീട് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു.

2015 ജൂലൈയില്‍ ഇരുവര്‍ക്കും മകള്‍ പിറന്നു. ഐറ ഷമിയെന്നാണ് കുഞ്ഞിനു പേരിട്ടത്. 2016ലാണ് ആദ്യമായി ഇരുവരുടെയും പേര് ആദ്യമായി വിവാദങ്ങളില്‍ അകപ്പെടുന്നത്. സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ച ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇത് സമൂഹത്തിലെ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു. ഈ വിഷയത്തില്‍ ഷമിയെ പിന്തുണച്ച് മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആദ്യമായി പുറംലോകമറിയുന്നത് 2018ന്റെ ആരംഭത്തിലാണ്. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് അവര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയര്‍ത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി 80,000 രൂപ മകള്‍ക്കു നല്‍കാന്‍ ഉത്തരവിട്ടു. ഇതിനിടെ ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായി.

കോഴ ആരോപണത്തില്‍ ഷമിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണസമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ നീരജ് കുമാര്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു. കേസ് നടപടികള്‍ക്കിടെ ഷമിയുടെ വാര്‍ഷിക കരാര്‍ ബിസിസിഐ തടഞ്ഞുവച്ചെങ്കിലും കുറ്റവിമുക്തനായതോടെ പുനഃസ്ഥാപിച്ചു.

പിന്നീട് പ്രശ്‌നങ്ങളെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചെത്തിയ ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയര്‍ന്നു. 2019ലെ ഏകദിന ലോകകപ്പില്‍ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ രക്ഷകനായി ഷമി. ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. 2019ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ്‌

pathram:
Leave a Comment