ലോക്ഡൗണ്‍ ഇളവില്‍ 52,841 രൂപയുടെ മദ്യം വാങ്ങിക്കൂട്ടി: മദ്യശാലയ്ക്കും വാങ്ങിയ ആള്‍ക്കുമെതിരെ കേസ്

ബെംഗളൂരു: ലോക്ഡൗണ്‍ ഇളവില്‍ മദ്യം വാങ്ങിക്കൂട്ടി 52,841 രൂപയുടെ ബില്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത അമിതാവേശത്തില്‍ കുടുങ്ങി മദ്യം വാങ്ങിയയാളും അത് വില്‍പ്പന നടത്തിയ മദ്യശാലയും. തിങ്കളാഴ്ചയാണ് വന്‍തുകയ്ക്ക് മദ്യം വാങ്ങിയ ബില്‍ വാട്‌സാപില്‍ പ്രചചരിച്ചത്. കര്‍ണാടക എക്‌സൈസ് വകുപ്പാണ് പരിധിയില്‍ കൂടുതല്‍ മദ്യം വിറ്റതിന് വില്‍പ്പനശാലയ്ക്കും വാങ്ങിയയാള്‍ക്കുമെതിരെ കേസെടുത്തത്.

ചില്ലറ വില്‍പ്പനശാലകളില്‍ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലീറ്ററില്‍ കൂടുതല്‍ വിദേശമദ്യമോ 18 ലീറ്ററില്‍ കുടുതല്‍ ബീയറോ വില്‍ക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്. തിങ്കളാഴ്ച പ്രചരിച്ച ബില്ലില്‍ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോണ്‍ എന്ന മദ്യ ചില്ലറ വില്‍പ്പന ശാലയ്‌ക്കെതിരെയാണ് കേസെടുത്തത്. ബില്‍ പ്രകാരം 13.5 ലീറ്റര്‍ വിദേശമദ്യവും 35 ലീറ്റര്‍ ബിയറും വിറ്റതായാണ് തെളിവ്.

ഒറ്റബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് മദ്യശാല ഉടമയുടെ വാദം. ബാങ്കിന്റെ ഒറ്റ കാര്‍ഡിലൂടെ വില്‍പന നടത്തിയതിനാലാണ് ഒറ്റ ബില്‍ നല്‍കേണ്ടിവന്നതെന്നാണ് വിശദീകരണമെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും നടപടി സ്വീകരിക്കുകയെന്നും എക്‌സൈസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഇത്തരത്തില്‍ കൂടുതല്‍ മദ്യം വാങ്ങിയ സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗളൂരുവിലെ ഒരു മദ്യശാലയില്‍ നിന്ന് തിങ്കളാഴ്ച 59,952 രൂപയുടെ മദ്യം വാങ്ങിയ ബില്ലും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular