പാലക്കാട്: കൊല്ലത്തു നിന്നു കാണാതായ സുചിത്ര സമൂഹമാധ്യമത്തിലൂടെയാണ് യുവാവുമായി പരിചയത്തിലായതെന്ന് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് വിവരം. വിവരമനുസരിച്ച് സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്നു സമ്മതിച്ചതായാണ് സൂചന.
മൃതദേഹം വീടിനുസമീപം കുഴിച്ചുമൂടിയതായും മൊഴി നൽകിയതായി അറിയുന്നു. യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ നിന്നു പുറത്തെടുത്തു. മൃതദേഹം സുചിത്രയുടേതെന്ന് ഉറപ്പിക്കാൻ വിശദമായ ഫോറൻസിക് പരിശോധന നടത്തുന്നു.
പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ വച്ച് യുവതി കൊല്ലപ്പെട്ടുവെന്നാണു പൊലീസിന്റെ നിഗമനം. കൊലയ്ക്കു ശേഷം വീടിന്റെ മതിലിനോട് ചേര്‍ന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണു സൂചന. സംഭവത്തില്‍ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശിയായ യുവാവുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചില്‍ നിന്നെത്തിയ മറ്റൊരു സംഘം വീടും പരിസരവും പരിശോധിച്ച് അര്‍ധരാത്രിയോടെ സീല്‍ ചെയ്തിരുന്നു.
സംഭവസ്ഥലത്തെത്തിച്ച യുവാവിന്റെ സാന്നിധ്യത്തില്‍ ജഡം പുറത്തെടുക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് രോഗനിയന്ത്രണ ചട്ടമനുസരിച്ചാണ് നടപടികള്‍.
മാര്‍ച്ച് 17 നാണ് ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് 4ന് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അഛന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നും ഇറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് 5 ദിവസത്തെ അവധി വേണമെന്നും അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പോയി രണ്ടു ദിവസം വീട്ടുകാരെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. അപ്പാഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലായത്. വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി.
Leave a Comment