കേന്ദ്രം നിര്‍ദേശിച്ച ഇളവുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളില്‍ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മറ്റിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കുള്ള വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാം. സംസ്ഥാന ഉത്തരവില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എസി വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇളവില്ല. എസി റിപ്പയറിംഗ് സ്ഥാപനങ്ങള്‍ തുറക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഗ്രാമങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മുനിസിപ്പാലിറ്റി, നഗരസഭ മേഖലകളില്‍ ഇളവില്ല. ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുവാദമില്ല. മാസ്‌കുകളും നിര്‍ബന്ധമാക്കും.
നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഷോപ്പിംഗ് മാളുകള്‍ക്കും, വന്‍കിട സ്ഥാപനങ്ങള്‍ക്കും ഇളവ് ബാധകമല്ല. 50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തില്‍ ജോലിക്കായി വരുത്താന്‍ പാടുള്ളു.
എന്നാല്‍ കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം തീരുമാനം അറിയിക്കുമെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ നടപ്പാക്കുക ആലോചിച്ച ശേഷമാകും. ഗ്രാമീണ മേഖലയില്‍ ഉത്പന്നങ്ങള്‍ എത്തുന്നത് നഗരങ്ങളില്‍ നിന്നാണെന്നും വ്യാപാര സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ഇളവുകള്‍ തീരുമാനിക്കുമെന്നും വ്യവസായമന്ത്രി കൂട്ടിച്ചേര്‍ത്തു.