പരീക്ഷകൾ മേയ് 11 മുതൽ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. മൂല്യനിർണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിനെ തുടർന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കണമെന്നുള്ള നിർദേശവും നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഡോ.ബി ഇഖ്ബാൽ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങൾക്കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അധികം ഇടവേളകളില്ലാതെ പരീക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽതന്നെ പൂർത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സർക്കാർ നിർദേശിക്കുന്നു. ഫ്ളെയറുമായി സഹകരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും നിർദേശമുണ്ട്. സർവകലാശാലകളുടെ ലൈബ്രറികൾ കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.