കോവിഡ് കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തൽ നടത്തിയത്.
ഇതുപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു നിഗമനങ്ങളിലെത്താനും സാധിക്കും. എക്സ് റേ ഉപയോഗിച്ചാണു സോഫ്റ്റ്‍വെയറിന്റെ പ്രവർത്തനം.
99.69 ശതമാനം കൃത്യതയോടെ സോഫ്റ്റ്‍വെയർ പ്രവർത്തിക്കുമെന്നാണു വിവരം. ഗവേഷണത്തിൽ ഒസാക– കോബെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ പിന്തുണയും ലഭിച്ചു. എക്സ് റേ ഉപയോഗിച്ചു പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ സ്വാബുകൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ അതിവേഗത്തിലുള്ള പരിശോധനയും സാധ്യമാകും. 3.63 സെക്കന്റിൽ 100 ചിത്രങ്ങളാണു പകർത്താൻ സാധിക്കുക. രോഗികളെ തൊടേണ്ട ആവശ്യം ഇല്ലാത്തതിനാൽ സുരക്ഷാ വസ്തുക്കളുടെ ആവശ്യമില്ല.
ഇതിനു സാമ്പത്തിക ചെലവു കുറവാണ്. കൂടാതെ മറ്റേതെങ്കിൽ വൈറസ് സാന്നിധ്യം കണ്ടെത്താനും എളുപ്പത്തിൽ ഉപയോഗിക്കാം. ന്യൂമോണിയ പോലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും സാധിക്കുന്നു. പരിശോധന വളരെ എളുപ്പമാണ്. രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുത്ത ശേഷം ഇത് ഡീപ് ആൻഡ് മെഷീൻ ലേണിങ് മോഡലിലേക്ക് അയക്കുന്നു. സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19, ന്യൂമോണിയ രോഗങ്ങൾ ഉണ്ടോ, അരോഗ്യവാനാണോ എന്നീ കാര്യങ്ങൾ വ്യക്തമാകും.