പത്തൊന്‍പതുകാരനായി സൂര്യ എത്തുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഇരുതി സുട്രു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ കൊങ്ങര അണിയിച്ചൊരുക്കുന്ന ചിത്രമാണ് സൂരരൈ പോട്ര്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. 44കാരനായ സൂര്യ പത്തൊന്‍പതുകാരന്റെ വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ മേക്കിങ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഈ ചിത്രത്തിലെ 19കാരനായി പരുവപ്പെടാന്‍ സൂര്യ എടുത്ത ഡെഡിക്കേഷനാണ് മേക്കിങ് വിഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്. സുധ കൊങ്ങരയ്ക്ക് പത്തൊന്‍പതുകാരന്റെ വേഷം സൂര്യ തന്നെ അവതരിപ്പിക്കണമെന്ന് വളരെ നിര്‍ബന്ധമായിരുന്നു. കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ തന്നെയെന്നായിരുന്നു സംവിധായികയുടെ മറുപടി.
ശരീരത്തില്‍ മസില്‍സിനു പ്രാധാന്യം കൊടുക്കാതെ ഭാരം കുറയ്ക്കുന്ന ഫിറ്റ്‌നസ് പരിശീലനമായിരുന്നു ചിത്രത്തിനായി സൂര്യ നടത്തിയത്. മൂന്ന് മാസങ്ങള്‍കൊണ്ട് 15 കിലോ ഭാരവും അദ്ദേഹം കുറച്ചു. സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ നിര്‍മാണ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ‘ സൂരരൈ പോട്ര് നിര്‍മ്മിയ്ക്കുന്നത്.