നോയിഡയില്‍ കൊറോണ രോഗവിമുക്തരായ രണ്ട് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. ഉത്തര്‍പ്രദേശിലെ ജിംസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ ഇവരെ വെള്ളായഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൊറോമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 483 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേരാണ് ഇവിടെ മരിച്ചത്.
അതേസമയം മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ അറുപതുകാരിയുള്‍പ്പെടെയുള്ളവരാണ് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടായി.
മാര്‍ച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി ഫാത്തിമ, മാര്‍ച്ച് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി അലിഷാന്‍ സലീം, മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് , വേങ്ങര കൂരിയാട് സ്വദേശി അബ്ദുള്‍ കരീം, മാര്‍ച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍, ഏപ്രില്‍ ഒന്നിന് കൊവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി ഫാസില്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്.
ഐസൊലേഷന്‍ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ഇവര്‍ ഏതാനും ദിവസം കൂടെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗമുക്തരായവരുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഉറപ്പാക്കിയ ശേഷമാണ് വീടുകളിലേക്ക് വിടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടുകളില്‍ എത്തിയ ശേഷവും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തില്‍ തുടരും. നേരത്തെ രോഗം ഭേദമായ രണ്ട് പേരുള്‍പ്പടെ, എട്ട് പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.