ധോണി വിരമിക്കല്‍ തീരുമാനം ‘വലിച്ചു നീട്ടുന്നത്’ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ തീരുമാനം ‘വലിച്ചു നീട്ടുന്നത്’ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ഷോയ്ബ് അക്തര്‍. ധോണിക്ക് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള ഏറ്റവും മികച്ച സമയം 2019ലെ ഏകദിന ലോകകപ്പായിരുന്നുവെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും നിശബ്ദത പാലിക്കുകയാണെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അക്തര്‍ പറഞ്ഞു. ധോണിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ നേരത്തേതന്നെ രാജ്യാന്തര കരിയറിന് വിരാമിട്ടേനെയെന്നും അക്തര്‍ വ്യക്തമാക്കി.

‘തന്റെ കഴിവിന്റെ പരമാവധി രാജ്യത്തിനായി നല്‍കിയ വ്യക്തിയാണ് ധോണി. ഏറ്റവും അന്തസ്സോടെ കളം വിടേണ്ട ആളാണ് അദ്ദേഹം. വിരമിക്കല്‍ തീരുമാനം അദ്ദേഹം ഇങ്ങനെ വലിച്ചുനീട്ടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലോകകപ്പിനു പിന്നാലെ തന്നെ ധോണി കളി നിര്‍ത്തേണ്ടതായിരുന്നു. ധോണിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോള്‍ കളി നിര്‍ത്തുമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിനുശേഷം എനിക്കു വേണമെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തേക്ക് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തുടരാമായിരുന്നു. പക്ഷേ, എന്റെ 100 ശതമാനം ടീമിനായി നല്‍കാനാവില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്തിനാണ് ഇങ്ങനെ വലിച്ചുനീട്ടുന്നത്?’ – അക്തര്‍ ചോദിച്ചു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെമിഫൈനലില്‍ കളിച്ചശേഷം ധോണി ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍പ്പോലും കളിച്ചിട്ടില്ല. ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെ ധോണി വീണ്ടും ക്രിക്കറ്റില്‍ സജീവമാകുമെന്ന് കരുതിയിരിക്കെയാണ് കൊറോണ വൈറസ് വ്യാപനം ലോകമൊട്ടുക്ക് പ്രതിസന്ധി സൃഷ്ടിച്ചതും കളിക്കളങ്ങള്‍ നിശ്ചമായതും. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ഐപിഎല്ലും നീട്ടിവച്ചിരുന്നു. ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ മടങ്ങിവരവും അനിശ്ചിതത്വത്തിലാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ധോണിയുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും അദ്ദേഹം നല്ലൊരു യാത്രയയപ്പ് അര്‍ഹിക്കുന്നുണ്ടെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.

‘ഒരു രാജ്യമെന്ന നിലയില്‍ ധോണിക്ക് ഏറ്റവും ബഹുമാനത്തോടെയും അന്തസ്സോടെയും വിരമിക്കാനുള്ള വേദിയൊരുക്കേണ്ടത് നിങ്ങളുടെ കടമയാണ്. അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നല്‍കൂ. അദ്ദേഹം നിങ്ങള്‍ക്കായി ഒട്ടേറെ അദ്ഭുത പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ലോകകപ്പും നേടിത്തന്നിട്ടുണ്ട്. മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് ധോണി. പക്ഷേ, ഇപ്പോള്‍ എവിടെയോ തട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് അദ്ദേഹം’ – അക്തര്‍ അഭിപ്രായപ്പെട്ടു.

‘ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിക്കാനാകാതെ പോയപ്പോള്‍തന്നെ അദ്ദേഹം വിരമിക്കണമായിരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് പറയാന്‍ ധോണിക്കു മാത്രമേ കഴിയൂ. അല്ലെങ്കില്‍ ലോകകപ്പിനുശേഷം അദ്ദേഹത്തിന് ഒരു വിരമിക്കല്‍ പരമ്പരയ്ക്ക് അവസരം കൊടുക്കാമായിരുന്നു. അങ്ങനെ തന്റെ സ്ഥാനത്തിനൊത്ത ഒരു യാത്രയയപ്പ് അദ്ദേഹത്തിന് കിട്ടുകയും ചെയ്‌തേനെ’ – അക്തര്‍ പറഞ്ഞു.

മധ്യനിരയില്‍ യുവരാജ് സിങ്ങിനേപ്പോലെയും മഹേന്ദ്രസിങ് ധോണിയേപ്പോലെയുമുള്ള മാച്ച് വിന്നര്‍മാരില്ലാത്തതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ വലിയൊരു ദൗര്‍ബല്യമെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ‘ടൂര്‍ണമെന്റുകള്‍ ജയിക്കുന്നതും എക്കാലവും മുന്‍നിരയില്‍ തുടരുന്നതും രണ്ടാണ്. ഇന്ത്യ ഇപ്പോഴും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീമാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ആദ്യത്തെ ടീമുകളിലൊന്നുമാണ്. അതുകൊണ്ട് ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം മാത്രം വച്ച് ഇപ്പോഴത്തെ ടീമിനെ അളക്കരുത്’ – അക്തര്‍ പറഞ്ഞു.

pathram:
Leave a Comment