കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13–ാം പതിപ്പ് പുനഃരാരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരായുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ കായികമത്സരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഗാംഗുലി ചോദിച്ചു. ഈ വര്‍ഷം ഐപിഎല്‍ നടക്കാനുള്ള എല്ലാ സാധ്യതകളും തള്ളിക്കളയുന്നതാണ് ഗാംഗുലിയുടെ വാക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍, കൊറോണ ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടിയിരുന്നു.
‘ഞങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും പറയാനാകില്ല. അല്ലെങ്കിലും എന്തു പറയാനാണ്? വിമാനത്താവളങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു, ആളുകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നില്ല, ഓഫിസുകളും അടച്ചുപൂട്ടിയിട്ടിരിക്കുന്നു, ആളുകള്‍ക്ക് ഒരിടത്തേക്കും പോകാന്‍ നിര്‍വാഹമില്ല. ഇതെല്ലാം കുറഞ്ഞത് മേയ് പകുതിവരെയെങ്കിലും ഇങ്ങനെ തന്നെ തുടരാനാണ് എല്ലാ സാധ്യതയും’ -– ഗാംഗുലി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വിധത്തിലുമുള്ള കായികമത്സരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘ഈ അവസ്ഥയില്‍ എവിടെനിന്നാണ് കളിക്കാന്‍ താരങ്ങളെ കിട്ടുക? കളിക്കാര്‍ സന്നദ്ധരാണെങ്കില്‍ തന്നെ അവരെങ്ങനെ യാത്ര ചെയ്യും? ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്ത് ഒരു വിധത്തിലുമുള്ള കായിക മത്സരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മതി. തല്‍ക്കാലം ഐപിഎല്‍ മറന്നുകളയുക’ -– ഗാംഗുലി പറഞ്ഞു.
‘എന്താലായും ഐപിഎല്‍ 13–ാം പതിപ്പിന്റെ ഭാവിയേക്കുറിച്ച് മറ്റ് ബിസിസിഐ ഭാരവാഹികളുമായിക്കൂടി സംസാരിച്ചിട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം. എങ്കിലും പ്രായോഗികമായി ചിന്തിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്തപ്പോള്‍ കായികമത്സരങ്ങള്‍ക്ക് എന്ത് ഭാവി?’ -– ഗാംഗുലി ചോദിച്ചു.
Leave a Comment