കൊവിഡ് മൂലം ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന സൂചന നല്‍കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ലോക്ക്ഡൗണിനു ശേഷം വ്യോമഗതാഗത മേഖലയും ബാങ്കിങ് മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണിത്. എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്റെ മറുപടി.
‘അതെയെന്നാണ് എന്റെ ഒറ്റയടിക്കുള്ള ഉത്തരം’ എന്നാണ് കോവിഡ് കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിനു രഘുറാം രാജന്‍ മറുപടി നല്‍കിയത്.
‘ഇറ്റലിയിലെയും അമേരിക്കയിലെയും പോലെ കോവിഡ് പടരുകയാണെങ്കില്‍ നമ്മള്‍ അതീവ ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്താണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. ആശുപത്രി കിടക്കകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു’, രഘുറാം രാജന്‍ പറഞ്ഞു.
‘ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വര്‍ഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മഹാമാരിയുടെ തിരിച്ചുവരവ് ഉണ്ടാകാതിരിക്കാന്‍ നമ്മളെടുക്കുന്ന മുന്‍കരുതലുകള്‍ക്കനുസരിച്ചിരിക്കും അത്’, രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ ഭവന, വാഹന, റെസ്‌റ്റോറന്റ് മേഖലകള്‍ കരകയറണമെങ്കില്‍ ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം വേണ്ടിവരുമെന്ന് വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ സര്‍വേ. നിലവില്‍ രോഗബാധ തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ നീട്ടേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് പത്തുലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗതാഗതം, ടൂറിസം, ചരക്കുനീക്കം, വിനോദം, ഉപഭോക്തൃ ഉത്പന്ന മേഖല തുടങ്ങിയ രംഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഇവയ്ക്കും സാധാരണ നില കൈവരിക്കാന്‍ രണ്ടുവര്‍ഷംവരെ വേണ്ടിവന്നേക്കാം. ഉപഭോഗത്തില്‍ എത്ര വര്‍ധനയുണ്ടാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലകളുടെ തിരിച്ചുവരവ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തേജക നടപടികള്‍ നിര്‍ണായകമാകും. വസ്ത്രം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പാനീയങ്ങള്‍, ഇന്‍ഷുറന്‍സ്, കൃഷി, രാസവ്യവസായം, ലോഹം, ഖനനം, സേവന മേഖല, വ്യവസായ സംരംഭങ്ങള്‍, ചില്ലറവ്യാപാര മേഖല, ആരോഗ്യരംഗം തുടങ്ങിയ വിഭാഗങ്ങള്‍ ഒന്പതുമുതല്‍ പന്ത്രണ്ടുമാസംകൊണ്ട് പഴയനിലയിലേക്ക് എത്തിയേക്കാം.
ഭക്ഷണ വിതരണം, ടെലികമ്യൂണിക്കേഷന്‍, ഉപഭോക്തൃ സേവനം, മരുന്ന് തുടങ്ങിയ മേഖലകള്‍ ആറുമുതല്‍ ഒന്പതുവരെ മാസംകൊണ്ട് ശക്തമായി തിരിച്ചുവരും. ഇവര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാകേണ്ടതുണ്ട്. രാജ്യത്തെ വ്യവസായ മേഖലയുടെ ഉണര്‍വ് സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാണ്.
മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി.) നാലുമുതല്‍ അഞ്ചു ശതമാനം വരെ ഈ മേഖലയുടേതാണ്. തൊഴില്‍ രംഗത്തും ഈ മേഖല നിര്‍ണായകമായിരിക്കും. ജി.ഡി.പി.യും ഇന്ത്യയുടെ കടബാധ്യതയും തമ്മിലുള്ള അനുപാതം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉത്തേജക പാക്കേജില്‍ പ്രഖ്യാപിക്കുന്ന പണം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്താനാകണം. ഏറ്റവും താഴെ തലത്തിലുള്ളവര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമെല്ലാം ഇതിന്റെ ഫലം ലഭ്യമാക്കണമെന്നും ഫിക്കി നിര്‍ദേശിക്കുന്നു.
ഇതിനുപുറമേ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കാനും അവയുടെ സ്വയം പര്യാപ്തതയ്ക്കും നടപടി വേണം. ഇതിനായി വ്യവസായ ക്ലസ്റ്ററുകളും വിതരണ ശൃംഖലകളും സൃഷ്ടിക്കപ്പെടണം. ശാസ്ത്രഗവേഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും രാജ്യത്തിന്റെ കരുത്തും സ്വയംപര്യാപ്തതാ ശേഷിയും വര്‍ധിപ്പിക്കുന്നതിന് രണ്ടുലക്ഷം കോടി രൂപയുടെ ‘ഭാരത് സ്വയം പര്യാപ്തതാ ഫണ്ട്’ രൂപവത്കരിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു.