കൊറോണ മഹാമാരി ഇന്ത്യയില്‍ ഇതുവരെ 199 ജീവനുകള്‍ കവര്‍ന്നു. 24 മണിക്കൂറിനിടെ 33 പേരാണ് മരിച്ചത്. 600 ഓളം പേര്‍ക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇതുവരെയായി 6412 പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിലും മരണത്തിലും മഹാരാഷ്ട്രയിലാണ് ഏറെ ആശങ്ക ഉയരുന്നത്. 1364 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 97 ജീവനുകളാണ് പൊലിഞ്ഞത്. ഗുജറാത്തില്‍ 17 ഉം മധ്യപ്രദേശില്‍ 16 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാക്രമം 241 ഉം 259 പേര്‍ക്കാണ് ഈ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് രണ്ടാമത്. 834 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 720 പേര്‍ക്ക് രോഗവും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 97 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച 6412 രോഗികളില്‍ 504 പേര്‍ക്കാണ് ഇതുവരെ രോഗത്തില്‍ നിന്ന് മോചിതരാകാനായത്.
അതിനിടെ ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്ന അവസരത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനില്‍ക്കുന്നു, അതുപോലെ തന്നെ ക്രിസ്തുവിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ ഞങ്ങള്‍ ഓര്‍ക്കുന്നു’ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.