കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദവും ശരിയല്ല. എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അതേത്തുടര്‍ന്ന് അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്കര അഫ്‌സല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കു വേണ്ട ഭക്ഷ്യവസ്തുക്കള്‍ ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ച് നല്‍കിയിരുന്നു. കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചുവെങ്കിലും അവര്‍ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ക്ക് 25 കിറ്റുകള്‍ നല്‍കി.

അവര്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത വ്യാജപ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണം.’– മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7