കോവിഡ് 19 മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 142 ആയി. മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 52 ആണ്. ഇതിനിടെ ഇന്ത്യയില്‍ ചില ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. മുംബൈ പോലുള്ള മേഖലകളില്‍ കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടന്നെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹ വ്യാപനം തുടങ്ങിയെന്ന മുന്നറിയിപ്പാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നല്‍കുന്നത്. ചിലയിടങ്ങളില്‍ സമൂഹവ്യാപനം തുടങ്ങിയതിന്റെ തെളിവുകളുണ്ട്. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ദീപ് ഗുലേറിയ ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. പ്രത്യേക സ്ഥലങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈ പോലുള്ള നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതാണ് സമൂഹ വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ചുള്ള സമൂഹവ്യാപനമാണ് ഇപ്പോള്‍ കാണുന്നത്. ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ പിന്നീട് ഭയപ്പെടേണ്ടതായി ഒന്നുമില്ല. പക്ഷേ നമ്മള്‍ ജാഗരൂഗരായിരിക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ നല്ല തീരുമാനമാണ്.
ഏപ്രില്‍ പത്തിന് ശേഷം മാത്രമേ സമൂഹവ്യാപനം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സമൂഹവ്യാപനം നടന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും ഡോ. രണ്‍ദീപ് പറഞ്ഞു.