ബെംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് യെഡിയൂരപ്പ. അതിര്‍ത്തി നിയന്ത്രിതമായി തുറക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും നിലപാട് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണാടക. കോവിഡ് വ്യാപന കാലത്ത് കേരളത്തിനായി തലപ്പാടി അതിര്‍ത്തി തുറക്കുന്നതു കര്‍ണാടകയിലെ ജനങ്ങള്‍ ‘മരണത്തെ ആലിംഗനം’ ചെയ്യുന്നതിനു തുല്യമാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. കാസര്‍കോടു നിന്നുള്ള രോഗികള്‍ക്കു മംഗളൂരുവില്‍ ചികിത്സയ്ക്കായി അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയ്ക്കുള്ള മറുപടി കത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
ഇതിനുള്ളില്‍ രാഷ്ട്രീയ വിദ്വേഷമൊന്നുമില്ലെന്നും യെഡിയൂരപ്പയുടെ കത്തിലുണ്ട്. അയല്‍ സംസ്ഥാനങ്ങളോടു നല്ല സഹോദര ബന്ധം പുലര്‍ത്തണമെന്നു തന്നെയാണ്. എന്നാല്‍, കര്‍ണാടകയിലെ ജനങ്ങളുടെ താല്‍പര്യമാണു സര്‍ക്കാരിന് പരമപ്രധാനം. അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചതല്ല. കാസര്‍കോട് മേഖലയില്‍ 106 കോവിഡ് രോഗികളുണ്ടെന്നും രാജ്യത്തു തന്നെ ഏറ്റവുമധികം രോഗ്യവ്യാപനമുള്ള മേഖലയാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) കണക്കുകള്‍ ഉദ്ധരിച്ച് യെഡിയൂരപ്പ വിശദീകരിച്ചു.
മനുഷ്യത്വം പരിഗണിച്ച് തലപ്പാടി അതിര്‍ത്തി തുറക്കാന്‍ ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ 31ന് യെഡിയൂരപ്പയ്ക്ക് കത്തെഴുതിയിരുന്നു. പ്രധാനമന്ത്രി മോദിയെയും ഇക്കാര്യം ധരിപ്പിക്കാമെന്ന് ഉറപ്പു നല്‍കി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയിരുന്നു