കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; കോഴിക്കോടിന് മോശം ദിവസം

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായെങ്കിലും കോഴിക്കോട് ജില്ലക്കാര്‍ക്ക് മോശം ദിവസമാണ്. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്.

പത്തനംതിട്ടയില്‍ പന്തളം സ്വദേശി 19 വയസുള്ള യുവതിക്കാണ് കോവിഡ് സ്ഥരീകരിച്ചത്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നു വന്ന 10 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ആകെ 314 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular