കോട്ടയം: ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് പ്രാര്‍ഥന സംഘടിപ്പിച്ച 24 പേര്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
പത്തനംതിട്ട കുലശേഖരപേട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച് വീട്ടില്‍ മത പ്രാര്‍ഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയാണെന്നാണ് ഇവരുടെ പ്രാഥമിക വിശദീകരണം.
പായിപ്പാട് മോഡല്‍ സമരം അതിഥി തൊഴിലാളികള്‍ നടത്തുമെന്നു കാണിച്ച് ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി വാര്‍ത്ത നല്‍കിയ കെട്ടിടം ഉടമയെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വന്തം കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു സ്വയം ഭക്ഷണം നല്‍കുന്നതിനു പകരം തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നു പൊലീസ് അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് തുടരുന്നു.