ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കരുതലായി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ വീതം മൂന്ന് മാസത്തേയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണിത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍ നിന്ന് പണം നല്‍കുക. അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മൂന്നിന് പണമെടുക്കാം.
അവസാനത്തെ അക്കം രണ്ടോ, മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിന് പണം എടുക്കാം. നാലും അഞ്ചും ആണെങ്കില്‍ ഏപ്രില്‍ 7 നും ആറും ഏഴും ആണെങ്കില്‍ ഏപ്രില്‍ എട്ടിനും എട്ടും, ഒന്‍പതും ആണെങ്കില്‍ ഏപ്രില്‍ ഒന്‍പതിനും പണം പിന്‍വലിക്കാം. ഏപ്രില്‍ ഒമ്പതാം തിയതിക്കു ശേഷം അക്കൗണ്ട് ഉടമകള്‍ക്ക് എന്നുവേണമെങ്കിലും പണം പിന്‍വലിക്കാവുന്നതാണ്. റൂപേ കാര്‍ഡ് ഉപയോഗിച്ച് എടിഎം വഴിയും പണം പിന്‍വിക്കാവുന്നതാണ്.