തിരുവനന്തപുരം: മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വന്നവര്‍ 28 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധമായും ഇവര്‍ ഐസലേഷനില്‍ പോകണമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്ഡിആര്‍എഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ നല്‍കും.ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ പുതിയ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് 1,663 കേസുകള്‍ ഇതുവരെ എടുത്തു. പുതിയ നിയമം സംസ്ഥാനത്തു നടപ്പാക്കി തുടങ്ങി. എന്നാല്‍ വനിതാ ജീവനക്കാരെ ജോലിക്കെത്തിക്കുന്ന കുടുംബാംഗങ്ങളെ തടയരുത്. നിര്‍മാണ തൊഴിലാളികള്‍ക്കു ക്ഷേമനിധിയില്‍നിന്ന് 1000 രൂപ വീതം ഓരോ തൊഴിലാളിക്കും നല്‍കും. കോവിഡ് ജാഗ്രത നിലനില്‍ക്കെ തന്നെ ഡെങ്കിപ്പനി ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍ തടയാന്‍ ജാഗ്രത വേണം.
വീടുകളിലിരിക്കുന്ന 45 ലക്ഷം വിദ്യാര്‍ഥികള്‍ക്കു പുതുതായി ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അവധിക്കാല സന്തോഷം എന്ന പേരിലായിരിക്കും പഠന സൗകര്യം ലഭിക്കുക. അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിക്കും. ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഇപ്പോള്‍ ആലോചനയില്‍ ഇല്ല. ജീവനക്കാരുടെ പ്രതികരണങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.