നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി : നിസാമുദീന്‍ മതസമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയില്‍ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട –14, ആലപ്പുഴ – 8, കോഴിക്കോട് – 6, ഇടുക്കി – 5, പാലക്കാട് – 4, മലപ്പുറം –4, തിരുവനന്തപുരം – 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ആകെ 1,830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹി നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേരാണ് നാലു സംസ്ഥാനങ്ങളിലായി മരിച്ചത്.

ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് നിസാമുദീനിലെ വാര്‍ഷിക മതസമ്മേളനം ചര്‍ച്ചയായത്. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം നടന്നത്. ഡല്‍ഹിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച 37 പേരില്‍ 18 ഉം സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 1,034 പേരെ മര്‍ക്കസ് കെട്ടിടത്തില്‍നിന്നു പുറത്തെത്തിച്ചു. 334 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 700 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മര്‍ക്കസ് അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് നിര്‍ദേശിച്ചു. തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സന്ദര്‍ശക വീസയില്‍ എത്തിയ ഇവര്‍ മതപരിപാടിയില്‍ പങ്കെടുക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപ്രബോധനത്തിന് പോവുകയും ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വീസ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. ജനത കര്‍ഫ്യൂവും പിന്നീടുണ്ടായ ലോക്ഡൗണും മൂലം, സമ്മേളനത്തില്‍ പങ്കെടുത്തവര്‍ നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നുവെന്ന് മര്‍ക്കസ് അധികൃതര്‍ വിശദീകരിക്കുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കിമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

445428397