പ്രളയകാലത്തേത് പോലെ കൊവിഡ് കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യം.
അതിനിടെ രാജ്യത്ത് വീണ്ടും കൊവിഡ് മരണം സംഭവിച്ചു. ഗുജറാത്തില്‍ 45 വയസുള്ള ആള്‍ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.
1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.
മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. പഞ്ചാബിലെ മൊഹാലിയില്‍ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 25ന് ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.