കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്.
ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോട് അടുത്ത് രോഗികളായി. 12 സംസ്ഥാനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്ത്. ഇറ്റലിയിൽ മാത്രം മരണം 10,000ൽ അധികമായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും പ്രധാനമന്ത്രിയെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പൊതു കടാശ്വാസ ഫണ്ട് ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
രോഗപ്രഭവകേന്ദ്രമായ വുഹാൻ ചൈന തുറന്നു. ജനജീവിതം വീണ്ടും സ്വാഭാവികതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യം. പാകിസ്താനിലും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. റഷ്യയിലും രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്.