കൂട്ടുകാരാ നിനക്ക് സ്ഥലം മാറിപ്പോയി; കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍…

രോഗികളെ പരിചരിച്ച കാരണത്താല്‍ സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച ഇവരുടെ വാക്കുകകളില്‍ നിറയെ ആത്മവിശ്വാസമാണ്. വെല്ലുവിളിയുമായി വന്ന കോവിഡ് 19 രോഗത്തോട് ‘കൂട്ടുകാരാ, നിനക്കു സ്ഥലം മാറിപ്പോയി’ എന്നു പറയുകയാണ് ഈ ആരോഗ്യപ്രവര്‍ത്തക. സഹപ്രവര്‍ത്തകര്‍ക്ക് ഇവര്‍ എഴുതിയ കുറിപ്പ് ഒരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദനമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം:

വിളിക്കാതെ വന്ന ഈ കൂട്ടുകാരന്‍ എന്റെ കൂടെക്കൂടി എന്ന് ഉറപ്പു വരുത്തിയിട്ട് മാര്‍ച്ച് 27നു നാലു ദിവസമാകുന്നു. എന്നെ ഈ റൂമില്‍ അടച്ചിട്ട്, പതുക്കെ പുറത്തിറങ്ങി ബാക്കി ആളുകളെ കാണാം എന്നാണു പുള്ളി വിചാരിച്ചിരിക്കുന്നത്, അതുപക്ഷേ നൈസായിട്ട് ആദ്യമേ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പുതിയ കൂട്ടുകാരനെ എന്റെ കൂടെ കണ്ടാല്‍ എല്ലാവരും പേടിച്ചു മാറും എന്ന ധാരണ തിരുത്തി, എന്റെ ചങ്ക് ഫ്രണ്ട്‌സും, പിന്നെ ഈ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരും അവരുടെ പ്രാര്‍ഥനയും കരുതലും എപ്പോഴും കൂടെത്തന്നെയുണ്ട്. അത് ഞാന്‍ ഇവിടത്തെ സ്റ്റാഫ് ആണെന്നുള്ള പരിഗണന ആണെന്നു വിചാരിച്ചാല്‍ തെറ്റി, ഞാനടക്കമുള്ള ഓരോ ആരോഗ്യപ്രവര്‍ത്തകരും ഇവിടെ വരുന്നവര്‍ക്ക് നല്‍കുന്ന കരുതലാണത്.

കാര്യം എന്റെ പുതിയ കൂട്ടുകാരന്‍ കുറച്ചൊന്നുമല്ല എന്നെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നത് എങ്കിലും എന്റെ സഹ പ്രവര്‍ത്തകര്‍, സീനിയര്‍ സ്റ്റാഫ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ഹെഡ്‌സ്, സൂപ്രണ്ട് തൊട്ട് നമ്മുടെ ഗവണ്മെന്റിന്റെയും അകമഴിഞ്ഞ കരുതല്‍, ഈ മുറിയില്‍ നിന്നോട് ഒറ്റയ്ക്ക് ‘ഫൈറ്റ്’ ചെയ്യാനുള്ള കരുത്ത് എനിക്കു തരുന്നുണ്ട്. ഈ റൂമില്‍ കയറിയപ്പോള്‍ അയ്യപ്പനോ കോശിയോ ആരെങ്കിലും ഒരാളേ പുറത്തിറങ്ങുകയുള്ളു എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ പാവം കൂട്ടുകാരന് തെറ്റി. അവന്‍ വെല്ലുവിളിയുമായി വന്ന സ്ഥലം മാറിപ്പോയി. ഇത് ആരോഗ്യ സുരക്ഷയ്ക്ക് പേരുകേട്ട കേരളമാണ്.

എണ്ണം വച്ചോ കലണ്ടറില്‍ ഒരു വാരം കഴിയും മുന്‍പ് നിന്നെ മലര്‍ത്തിയടിച്ച് ഞാനും മുറി വിടും. പിന്നെ എന്റെ കൂട്ടുകാരാ, നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ… നീയും നിന്റെ കൂട്ടാളികളും അധികം ഇവിടെക്കിടന്നു കറങ്ങാന്‍ നില്‍ക്കണ്ട. നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യപ്രവര്‍ത്തകരെയും. അവര്‍ നിന്നെ ഉറക്കും, നല്ല ആരാരീരോ പാടി ഉറക്കും.

സ്വയം സന്നദ്ധമായാണ് കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി എറ്റെടുത്തത്. മുന്നില്‍ എത്തിയത് നിര്‍മല മനസ്സുള്ള കുട്ടികളെപ്പോലുള്ള മുതിര്‍ന്ന ദമ്പതികള്‍. 90 വയസ്സുള്ള അച്ഛനും 88 വയസുള്ള അമ്മയും. രോഗം എന്താണെന്നു പോലും അറിയാത്ത ഇവര്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു. വീട്ടിലെ വിശേഷങ്ങളും വിദേശത്തു നിന്നു വന്ന മകന്‍ കെട്ടിപ്പിടിച്ച കാര്യങ്ങളും എല്ലാം പറഞ്ഞു. ടിവിയില്‍ വാര്‍ത്തയില്‍ തങ്ങളെപ്പറ്റി പറഞ്ഞതും ഇടയ്ക്ക് ചോദിച്ചു. ദിവസങ്ങള്‍ കൊണ്ട് കോവിഡ് രോഗത്തെപ്പറ്റിയും അതിന്റെ ഗൗരവവും ബോധ്യപ്പെടുത്തി. അതോടെ ഇരുവരും അനുസരണയുള്ള കുട്ടികളായി.

അവശത കുടിയതോടെ ഇരുവരുടെയും എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കെണ്ടി വന്നു. പല്ലു തേപ്പിക്കുന്നതു മുതല്‍ ശരീരം വൃത്തിയാക്കുന്നതും വിസര്‍ജ്യം നീക്കുന്നതുമെല്ലാം ചെയ്തു. പ്രായമായ അമ്മയ്ക്ക് ചെവിക്ക് കേള്‍വിക്കുറവ് ഉണ്ടായിരുന്നു. അതിനാല്‍ അടുത്തു നിന്ന് സംസാരിക്കേണ്ടി വന്നു. ഇടുങ്ങിയ തീവ്രപരിചരണ മുറിക്കുള്ളില്‍ വായു സഞ്ചാരം തീരേ കുറവായിരുന്നു. ശരീരം മുഴുവന്‍ മൂടുന്ന അതീവ സുരക്ഷയുള്ള പഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് ഉള്‍പ്പടെ എല്ലാ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. എന്നിട്ടും രോഗം ബാധിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോള്‍ ചെറിയ പനിയും തൊണ്ട വേദനയും. ഉടന്‍ ആശുപത്രി വാര്‍ഡില്‍ തിരികെ എത്തി. പരിശോധനാ ഫലം പോസിറ്റീവായി രണ്ടാം ദിവസം എത്തി. ഒട്ടും പേടിക്കാതെ കോവിഡ് വാര്‍ഡിലേക്കു കയറി.

അദ്യം പനിയും തൊണ്ടവേദനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറി. കോവിഡ് വാര്‍ഡിലെ മുറിക്കുള്ളില്‍ ആശുപത്രി അധികൃതര്‍ എത്തിച്ചു നല്‍കിയ പുസ്തകങ്ങള്‍ വായിച്ച് സമയം കളയുന്നു. ബന്ധുക്കളും സഹപ്രവത്തകരും ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7