മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ലഭിക്കാത്തതിനാല്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ഇവര്‍ക്ക് മദ്യം ലഭ്യമാക്കുകയുള്ളൂവെന്നും ബാക്കിയാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മദ്യാസക്തിയുള്ള ചിലര്‍ക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് തീരുമാനമെടുത്തത്. ഡീ അഡിക്ഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ആ മാതൃക നമുക്കും നടപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ അല്ല മദ്യം നല്‍കുകയെന്നും കൂടുതല്‍കാര്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസങ്ങളില്‍ മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
ഇതിനിടെ
ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സംഭവം വാര്‍ത്തയായതോടെ ഡി.ജി.പി എസ്.പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്.