ധനസഹായം; ധോണിയെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ഇത് അറിഞ്ഞിരിക്കണം…

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ധനസമാഹരണ യജ്ഞത്തിലേക്ക് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍. ധോണി നല്‍കിയ ഒരു ലക്ഷം രൂപ കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12.5 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസ്തുത എന്‍ജിഒ ‘ക്രൗഡ് ഫണ്ടിങ്’ ആരംഭിച്ചത്. ഈ തുകയിലെത്താന്‍ ആവശ്യമായ ഒരു ലക്ഷം രൂപയാണ് ധോണി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഒരു എന്‍ജിഎയ്ക്ക് ധോണി നല്‍കിയ ഒരു ലക്ഷം രൂപ സംഭാവന കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നത് ലജ്ജാവഹമാണ്. ആ എന്‍ജിഒ 12.5 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അവര്‍ക്ക് ആവശ്യമുള്ള ഒരു ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. ഇത്തരം സഹായങ്ങളേക്കുറിച്ച് പൊങ്ങച്ചം കാട്ടുന്ന ആളല്ല ധോണി. ഇതിലുമൊക്കെ എത്രയോ ഇരട്ടി പണം മറ്റെവിടെയെങ്കിലുമൊക്കെയായി അദ്ദേഹം ചെലവഴിച്ചുകാണും’ – ഇന്ത്യ ടുഡേയില്‍ സീനിയര്‍ എക്‌സിക്യുട്ടിവ് എഡിറ്ററായ വിക്രാന്ത് ഗുപ്ത കുറിച്ചു. ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ധോണിക്കെതിരായ ‘ട്രോളു’കളെ വിമര്‍ശിച്ച് ഭാര്യ സാക്ഷി സിങ്ങും രംഗത്തെത്തി.

നേരത്തെ, ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ സഹായിക്കാനാണ് ധോണി ഒരു ലക്ഷം രൂപസംഭാവന ചെയ്തത്. ‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റായ ‘കേട്ടോ’ വഴി മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്. ‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റിലേക്ക് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം കൂടുതല്‍ ആളുകള്‍ സഹായവുമായി രംഗത്തെത്താന്‍ ആഹ്വാനം ചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലഘു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ 100 കുടുംബങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിലേക്ക് ധോണിയാണ് ഏറ്റവും ഉയര്‍ന്ന തുക സംഭാവന ചെയ്തത്.

പുണെയിലെ ആളുകളെ സഹായിക്കാന്‍ ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ധോണിയുടെ നടപടി മറ്റുള്ളവരേയും ഉദാരമായി സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, 800 കോടിയില്‍പ്പരം രൂപയുടെ ആസ്തിയുള്ള ധോണി കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന വിമര്‍ശനമാണ് മറുഭാഗം ഉയര്‍ത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7