നിരോധനകാലത്ത് നിരാലംബര്‍ക്ക് ഭക്ഷണം നല്‍കാന്‍ കേരള പോലീസ്
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടച്ചുപൂട്ടലില്‍ ആയതിനെത്തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കം കുറിച്ചു. ഏപ്രില്‍ 14 വരെ ദിവസം മൂന്നു നേരം തിരുവനന്തപുരം നഗരത്തിലെ അശരണര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഒരു വയര്‍ ഊട്ടാം, ഒരു വിശപ്പ് അടക്കാം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്‍മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമോറോ, ട്രൂ ടി.വി, ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നിവയുമായി ചേര്‍ന്നാണ് കേരള പോലീസ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് ഭീഷണി വ്യാപിച്ചുതുടങ്ങിയ സമയത്ത് ആരംഭിച്ച ബ്രേക്ക് ചെയിന്‍ മേക്ക് ചെയിന്‍ ക്യാപെയ്നിന്‍റെ ഭാഗമായാണ് പുതിയ സംരംഭം.
പദ്ധതിയുടെ ഭാഗമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും പുത്തരിക്കണ്ടം മൈതാനത്തും കഴിയുന്ന 300 ഓളം നിരാലംബര്‍ക്ക് ഇന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.ജി പി.വിജയനും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രവര്‍ത്തകരും സംബന്ധിച്ചു.