രാജ്യം പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് 12 മണിക്കൂര്‍ തികയും മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി പ്രഭാത പൂജകള്‍ ചെയ്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ്.
ആദിത്യനാഥിന്റെ പ്രവര്‍ത്തി ഏറെ വിമര്‍ശനത്തിനിടയാക്കി. ലോകവും രാജ്യവും ഇത്ര കരുതലോടെ കൊറോണാ വൈറസിനെ പ്രതിരോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇത്ര ലാഘവത്തോടെ കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ രാമ പൂജകള്‍ മാറ്റി വെയ്ക്കാന്‍ പറ്റില്ലെന്ന് യോഗി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കത്തില്‍ നിന്നും യോഗി പുറകോട്ട് പോയി. തുടര്‍ന്നാണ് രാമജന്മഭൂമിയില്‍ നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകള്‍ക്ക് യോഗി അയോധ്യയിലെത്തിയത്.
രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതുവരെ വിഗ്രഹം താത്കാലിക കെട്ടിടത്തില്‍ തുടരും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ആദ്യഘട്ടമെന്നാണ് ഇന്നത്തെ പരിപാടിയെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.