കൊറോണ: രോഗം ഭേദമായവരുടെ രക്തം രോഗിക്ക്…!!! നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നു

കൊറോണ വൈറസ് ബാധയെ തുരത്താന്‍ നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.

രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.

കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.

കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധര്‍ വാദിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.

രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7