കണ്ണൂര്‍: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. വിദേശത്തുനിന്നും വന്നു പുറത്തിറങ്ങി നടക്കുന്നവരെ ബലം പ്രയോഗിച്ച് ആശുപത്രികളിലേക്കു മാറ്റുമെന്നും യതീഷ് ചന്ദ്ര. കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ഒരു ലോക്ഡൗണിലാണ്. അത്യാവശ്യമായ കാര്യങ്ങള്‍ മാത്രമേ അപ്പോള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആളുകള്‍ വെറുതേ പുറത്തിറങ്ങുന്നതാണു കണ്ണൂരിലെ കാഴ്ച. വിനോദസഞ്ചാരം പോലെയും ചെറിയ കാര്യങ്ങള്‍ പറഞ്ഞും പുറത്തേക്ക് ഇറങ്ങുകയാണ്– സമൂഹ മാധ്യമത്തിലെ വിഡിയോയില്‍ യതീഷ് ചന്ദ്ര പറഞ്ഞു.
ചില ആള്‍ക്കാര്‍ പറയുന്നത് അരി വാങ്ങാന്‍ വന്നതാണെന്നാണ്. വീടു ചോദിക്കുമ്പോള്‍ അത് പത്തു കിലോമീറ്റര്‍ അപ്പുറത്തായിരിക്കും. വേറെ ചിലര്‍ പറയും മുട്ടയോ, പാലോ വാങ്ങാന്‍ ഇറങ്ങിയതാണെന്ന്. ഇത്രയും ദൂരത്തുനിന്ന് ഈ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരേണ്ട കാര്യമില്ല. വീടിന് അടുത്തുള്ള കടകളില്‍നിന്നു തന്നെ സാധനങ്ങള്‍ വാങ്ങണം. എല്ലാവര്‍ക്കും പുറത്തിറങ്ങാന്‍ ഓരോ കാരണം ഉണ്ടാകും. ഇത് ഒഴിവാക്കി വീട്ടില്‍തന്നെ നില്‍ക്കുക. സമൂഹ വ്യാപനം എന്ന നിലയിലേക്കു രോഗം പോകാതിരിക്കാന്‍ നമ്മുടെ കയ്യിലുള്ള അസ്ത്രം വീട്ടില്‍ തന്നെ തുടരുകയാണെന്നതാണ്.
പുറത്ത്‌നിന്നും നാട്ടിലെത്തിയവര്‍ വീടുകളില്‍ ക്വാറന്റീനിലാണുള്ളത്. ഇവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുത്. വീടുകളിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുകയും അരുത്. ഹോം ക്വാറന്റീനിലുള്ള ആള്‍ക്കാര്‍ എന്തിനാണു പുറത്തിറങ്ങി നടക്കുന്നതെന്നു മനസ്സിലാകുന്നില്ല. അങ്ങനെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇനി കൂടുതല്‍ കര്‍ശനമായ നടപടികളാണു സ്വീകരിക്കുക. പുറത്തിറങ്ങി നടക്കുന്നവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ക്വാറന്റീന്‍ സൗകര്യമുള്ളിടത്തേക്കു ബലമായി മാറ്റേണ്ടിവരും. അതു മനസ്സിലാക്കുക.
ഈ ഒരാഴ്ചയാണു കൂടുതല്‍ സഹകരിക്കേണ്ടത്. കൊറോണയ്‌ക്കെതിരെ പോരാടുന്നവര്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് ഒരു ദിവസം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അവര്‍ പറയുന്നത് അനുസരിക്കണം. മാര്‍ച്ച് 31 വരെയുള്ള ലോക് ഡൗണില്‍ കര്‍ശനമായി ആള്‍ക്കാര്‍ സഹകരിക്കണം. അല്ലെങ്കില്‍ കടുത്ത നടപടികളിലേക്കു പോകേണ്ടിവരുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.