കൊറോണയ്ക്ക് സ്വയം ചികിത്സ നടത്തിയ ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പുകള്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനിടെ ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതാ അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട്. കൊറോണ വൈറസിന് തുരത്താന്‍ സ്വയംചികിത്സ നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. അവശനിലയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസിലെ മാരിക്കോപ്പ കൗണ്ടി സ്വദേശികളായ ദമ്പതിമാരാണ് കൊറോണയെ പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയത്.

അറുപത് വയസ് പ്രായംവരുന്ന ദമ്പതിമാര്‍ ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് സ്വയംചികിത്സയ്ക്കായി ഉപയോഗിച്ചത്. ഇത് കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ശക്തമായ ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണെങ്കിലും പുരോഗതിയുണ്ടെന്നും അവര്‍ രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് ദമ്പതിമാര്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ചതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പല ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും ക്ലോറോക്വയ്ന്‍ വില്‍പ്പന വര്‍ധിക്കുകയും ആളുകള്‍ വന്‍തോതില്‍ സംഭരിക്കുകയും ചെയ്തു. എന്നാല്‍ ക്ലോറോക്വയ്ന്‍ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ക്ലോറോക്വയ്ന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ദയവുചെയ്ത് ആളുകള്‍ വിഡ്ഢിത്തം ചെയ്യരുതെന്നും ബാനര്‍ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ഡാനിയല്‍ ബ്രൂക്ക്‌സ് അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഇന്റര്‍നെറ്റ് സഹായത്തോടെ സ്വയംചികിത്സ തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7