സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുത്..!!! മൂന്നു മാസം കഴിഞ്ഞാല്‍ നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്..?

ഇസ്‌ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും മതത്തിനും ജാതിക്കും അതീതമായി ഉയരാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍ രംഗത്ത്.

ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ച് ലോകം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ വൈറസിനെ ചെറുക്കാനാകൂ എന്നും അക്തര്‍ ഓര്‍മിപ്പിച്ചു. കൂട്ടംചേരുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അക്തര്‍ അഭ്യര്‍ഥിച്ചു.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരോടായി ഒരു അപേക്ഷ. കൊറോണ വൈറസ് വ്യാപനം ഒരു ആഗോള പ്രതിസന്ധിയാണ്. അതിനെ നേരിടാന്‍ നാമെല്ലാം മതത്തിനൊക്കെ ഉപരിയായി ഉയര്‍ന്ന് ഒരു ആഗോള ശക്തിയായേ പറ്റൂ. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെ നിലവിലുണ്ട്. പക്ഷേ നമ്മില്‍ ചിലര്‍ കൂട്ടംകൂടുകയോ സമ്പര്‍ക്ക വിലക്കു ലംഘിക്കുകയോ ചെയ്താല്‍ ഇതുകൊണ്ടൊന്നും ഫലമില്ലാതെ വരും’ – യുട്യൂബ് ചാനലിലൂടെ അക്തര്‍ ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്ന പതിവ് പാടില്ലെന്നും അക്തര്‍ അഭ്യര്‍ഥിച്ചു. ‘ഇങ്ങനെ ചെയ്യുന്നവര്‍ ദിവസ വേതനക്കാരെ ഓര്‍ക്കണം. കടകളെല്ലാം കാലിയായിക്കൊണ്ടിരിക്കുകയാണ്. സാധനങ്ങളെല്ലാം പൂഴ്ത്തിവച്ചാലും മൂന്നു മാസത്തിനപ്പുറവും നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരെങ്ങനെ കുടുംബം പുലര്‍ത്തും? ഇത് മനുഷ്യത്വം കാട്ടേണ്ട സമയമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ല, മനുഷ്യനായിരിക്കുക. പരസ്പരം സഹായിക്കാന്‍ സന്നദ്ധരാകുക, പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക’ – അക്തര്‍ പറഞ്ഞു.

ഇത്തരം പ്രതിസന്ധി ഘട്ടത്തിലും ധനികര്‍ക്ക് അതിജീവനം താരമ്യേന എളുപ്പമാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ട ജനങ്ങളുടെ കാര്യമോ? ഈ ഘട്ടത്തില്‍ നാം പരസ്പരം വിശ്വസിച്ചേ മതിയാകൂ. മൃഗങ്ങളേപ്പോലെയല്ല, മനുഷ്യരേപ്പോലെ ജീവിക്കൂ. മറ്റുള്ളവരോട് ഉദാരമതികളാകൂ. നാം പരസ്പരം സംരക്ഷിക്കേണ്ട സമയമാണിത്. എല്ലാവരും മനസ്സുകൊണ്ടു ചേര്‍ന്നുനില്‍ക്കുക’ – അക്തര്‍ ആഹ്വാനം ചെയ്തു.

pathram:
Related Post
Leave a Comment