മുംബൈ: കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ഒരു രാജ്യമൊന്നാകെ കയ്യും മെയ്യും മറന്ന് പൊരുതുമ്പോള്‍, വിവരവും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗം ആളുകള്‍ ഇങ്ങനെ അശ്രദ്ധ കാട്ടുന്നതിനെ വിമര്‍ശിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‌ലെയുടെ വിമര്‍ശനം. ലക്ഷക്കണക്കിന് ആളുകള്‍ ശരിയായ പാതയിലൂടെ പോയാലും ചെറിയൊരു വിഭാഗം ആളുകളുടെ അശ്രദ്ധ എല്ലാ പോരാട്ടങ്ങളുടെയും മുനയൊടിക്കുമെന്ന് ഭോഗ്‌ലെ ചൂണ്ടിക്കാട്ടി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഈ വിപത്തിനെ ചെറുക്കാനാകൂ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇത്രയേറെ ആളുകള്‍ (വൈറസ് വ്യാപനം തടയാന്‍) കഠിനാധ്വാനം ചെയ്യുമ്പോള്‍, രോഗ ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍നിന്ന് വരുന്ന വിദ്യാസമ്പന്നരായ ആളുകള്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്ത് കറങ്ങി നടക്കുന്നത് നിരാശപ്പെടുത്തുന്നു. കോടിക്കണക്കിന് ആളുകള്‍ ശരിയായ രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കിലും ഒരു ചെറിയ വിഭാഗം ആളുകളുടെ ഉത്തരവാദിത്തമില്ലായ്മ എല്ലാ പോരാട്ടങ്ങളുടെയും മുനയൊടിച്ചേക്കാം. നമുക്കു കരുതലോടെയിരിക്കാം. ഈ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്’ – ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു.
ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭോഗ്‌ലെയുടെ ട്വീറ്റ് എന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ കനിക കപൂര്‍, ചട്ടമനുസരിച്ച് ക്വാറന്റീനില്‍ പ്രവേശിക്കുന്നതിനു പകരം ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പിന്നീട് കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ഇവരുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.
ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. ലക്‌നൗവില്‍ കനിക പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിങ് എംപിയും സ്വയം ക്വാറന്റീലേക്ക് പ്രവേശിച്ചിരുന്നു. ദുഷ്യന്ത് പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ ചടങ്ങിലുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.
Leave a Comment