കുളിച്ചില്ല, ഭക്ഷണം കഴിച്ചില്ല, വസ്ത്രം മാറിയില്ല; അവസാന നിമിഷം പതറി; ബലപ്രയോഗം…

ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍ഭയക്കേസിലെ 4 കുറ്റവാളികള്‍ അവസാന നിമിഷത്തില്‍ പതറിപ്പോയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോള്‍ മൂന്നാം നമ്പര്‍ ജയിലിലെ സെല്ലിനുള്ളില്‍ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ 3.30നു ജയില്‍ അധികൃതരും വെസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്‌ട്രേട്ട് നേഹ ബന്‍സാലും സെല്ലുകളിലെത്തിയതോടെ അവര്‍ ഇനി രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞു.

ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു പ്രതികളെ കുളിപ്പിക്കാറുണ്ട്. എന്നാല്‍ ഇവര്‍ അതിനു വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. 3 പേര്‍ വസ്ത്രവും മാറ്റിയില്ല. അവസാന സമയം അടുത്തതോടെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താന്‍ വരച്ച ചിത്രങ്ങള്‍ ജയില്‍ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാര്‍ സിങ്ങിന്റെ ആവശ്യം. സെല്ലിലെ ഹനുമാന്‍ ചാലീസയുടെ പകര്‍പ്പു കുടുംബാംഗങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ഥിച്ചു.

പവന്‍, അക്ഷയ്, വിനയ് എന്നിവര്‍ ജയിലില്‍ ജോലി ചെയ്തു സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയിലില്‍ കഴിഞ്ഞ 7 വര്‍ഷവും ജോലി ചെയ്തിരുന്നില്ല. വിനയ് ശര്‍മയും മുകേഷ് സിങ്ങും വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട അത്താഴം കഴിച്ചു. വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാര്‍ ഒന്നും കഴിച്ചില്ല.

കഴുമരത്തിലേക്കു പോകുന്നതിനു തൊട്ടു മുന്‍പു മതഗ്രന്ഥങ്ങളില്‍ ഏന്തെങ്കിലും വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്നു തിരക്കിയെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ വൈദ്യപരിശോധന. വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അണിയിച്ചു. കഴുമരം പ്രതികള്‍ കാണരുതെന്നാണു ചട്ടം.

കഴുമരത്തിലേക്കു നടത്തുമ്പോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുന്‍പു മുകേഷ് ജയില്‍ അധികൃതരോടു മാപ്പു പറഞ്ഞു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യര്‍ഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാള്‍ തളര്‍ന്നു വീണിരുന്നു.

pathram:
Related Post
Leave a Comment