മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തുവെന്നാണ് അതു കാണിക്കുന്നത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണു പൊതുവേ ചെയ്യേണ്ടത്. ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനോടു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയും സര്‍ക്കാരിന്റെ മെട്രോ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുമെല്ലാം ഞായറാഴ്ച നിശ്ചലമാകും. വീടുകളും പരിസരവും അന്നു പൂര്‍ണമായി വീട്ടുകാര്‍ തന്നെ ശുചീകരിക്കുക. കോവിഡ് രോഗ വ്യാപനം ഒരു ഘട്ടം കടന്നതായാണു കരുതേണ്ടത്. എല്ലാവരും അതീവ ജാഗ്രത പാലിക്കണം. കോവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്തു ഗ്രാമീണ വികസന നിധിയില്‍നിന്ന് 2000 കോടിയുടെ വായ്പയുള്‍പ്പെടെ പുനരുദ്ധാരണ നടപടികള്‍ വേണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 100 ശതമാനം പുനര്‍വായ്പ നല്‍കുന്നുണ്ട്. അതു കോവിഡ് ഭീഷണി നേരിടുന്ന കേരളത്തിനു ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഇന്ന് പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. കേരളം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ ദിവസങ്ങള്‍ നൂറില്‍നിന്ന് 150 ദിവസമാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വേതനം കുറഞ്ഞത് 50 രൂപയെങ്കിലും കൂട്ടണം. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണം. നാലു ശതമാനം നേരത്തേ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു വീണ്ടും അഭ്യര്‍ഥിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സബ്‌സിഡി നിരക്കില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment