ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച് ലോകത്തിലെ 143 രാജ്യങ്ങളിലെ ഏകദേശം 2.5 ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് മൂലമുള്ള മരണം 10000 കടന്നു. ലോകരാജ്യങ്ങളെല്ലാം കൊറോണയെ ചെറുക്കാന്‍ നടപടികള്‍ ശക്തമാക്കുമ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യാതിരിക്കാന്‍ റണ്‍വേയില്‍ വാഹനങ്ങള്‍ നിരത്തിയിട്ടിരിക്കുകയാണ് ഇക്വഡോറിലെ ഗ്വായാക്വിലിലെ വിമാനത്താവളം.
കോറോണ വൈറസ് പടര്‍ന്നു പിടിച്ച സ്‌പെയ്‌നിലെ മാന്‍ഡ്രിഡില്‍ നിന്നെത്തിയ വിമാനവും ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ കെഎല്‍എം വിമാനവും ലാന്‍ഡ് ചെയ്യാതിരിക്കാനാണ് ഗ്വായാക്വിലിലെ ജോസ് ജാക്വിലിന്‍ ഡേ ഓല്‍മെഡോ വിമാനത്താവളത്തില്‍ പൊലീസ് വാഹനങ്ങള്‍ നിരത്തിയിട്ടത്. ഗ്വായാക്വിലിലെ മേയറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.
കോവിഡ് 19 ബാധയെത്തുടര്‍ന്ന് ഇക്കഡോര്‍ അതിര്‍ത്തികളെല്ലാം അടച്ചിരുന്നുവെങ്കിലും വ്യോമപാത അടച്ചിരുന്നില്ല. കോറോണ വൈറസ് ബാധിച്ച വിദേശികളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളായിരുന്നു ഇക്കഡോറിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നത്. ഗായാക്വിലിലെ സ്പാനിഷ് പൗരന്‍മാരെ നാട്ടിലെത്തിക്കാനായിരുന്നു വിമാനം എത്തിയത്. ഗായാക്വിലില്‍ നിന്ന് ഇക്കഡോറിന്റെ തലസ്ഥാനത്തേക്ക് തിരിച്ചുവിട്ട വിമാനത്തില്‍ 11 വിമാന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കോറോണ വൈറസ് ബാധ ഏറെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങളിലെ ജീവനക്കാരെ നഗരത്തില്‍ പ്രവേശിപ്പിക്കുന്നതും ഒരു ദിവസം താമസിപ്പിക്കുന്നതും അപകടകമാണെന്ന് കാണിച്ചാണ് റണ്‍വേയില്‍ വാഹനങ്ങള്‍ ഇട്ടതെന്നാണ് മേയര്‍ പറയുന്നത്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഇതുവരെ 170 പേര്‍ക്കാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Leave a Comment