കൊറോണയിലും കൈവിട്ടില്ല…സ്വന്തം പൗരന്മാര്‍ക്കും വിദേശികള്‍ ഒരു പോലെ തുണയായി ഇന്ത്യ

ഡല്‍ഹി: `കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ ദിനംപ്രതി കുതിപ്പാണു ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ വൈറസ് ബാധ തടയുന്നതിനു മുന്‍പേ ഇന്ത്യയ്ക്കു മുന്‍പിലുണ്ടായിരുന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു– കൊറോണ ബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക. ആയിരക്കണക്കിന് ഇന്ത്യക്കാരാണു ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശരാജ്യങ്ങളിലുള്ളത്. അതിനാല്‍ പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതു പ്രധാന പരിഗണനയായി. ഇവര്‍ക്ക് വൈറസ് ബാധ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുമുണ്ടായിരുന്നു.

2019 ഡിസംബറില്‍ ചൈനയില്‍ വൈറസ് ബാധ തുടങ്ങിയപ്പോള്‍ തന്നെ വുഹാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. വുഹാനില്‍നിന്നു സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. പ്രത്യേക വിമാനത്തിലായിരുന്നു വുഹാനിലുള്ളവരെ തിരികെയെത്തിച്ചത്. ചൈന, ഇറ്റലി, ഇറാന്‍ തുടങ്ങിയ വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്ന് ആയിരത്തിലധികം ഇന്ത്യക്കാരാണു സുരക്ഷിതരായി നാട്ടിലെത്തിയത്. ഇതിനു പുറമേ കുടുങ്ങിക്കിടന്ന മറ്റു രാജ്യക്കാരെയും രക്ഷിച്ചു. ഫെബ്രുവരി ഒന്നിനും മൂന്നിനുമായി 654 പേര്‍ ചൈനയില്‍നിന്നു നാട്ടിലെത്തി. ഇതില്‍ 647 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്.

പരിശോധനകള്‍ക്കു ശേഷം ഫെബ്രുവരി 18നാണ് ഇവരെ മോചിപ്പിച്ചത്. ചൈനയില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ നൂറു കണക്കിന് ഇന്ത്യക്കാരാണു കുടുങ്ങിയത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈനയിലെത്തിയാണ് ഇവരെ രക്ഷിച്ചത്. ഫെബ്രുവരി 26ന് ഹ്യൂബെ പ്രവിശ്യയില്‍നിന്ന് 112 യാത്രക്കാരെ ഇന്ത്യന്‍ വ്യോമസേന നാട്ടിലെത്തിച്ചു. മ്യാന്‍മര്‍, ബംഗ്ലദേശ്, മാലദ്വീപ്, ചൈന, യുഎസ്, മഡഗാസ്‌കര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവരെയും ഇന്ത്യ മോചിപ്പിച്ചു. 14 ദിവസത്തോളം ഐടിബിപി ക്യാംപില്‍ പാര്‍പ്പിച്ചശേഷം കൊറോണയില്ലെന്ന് ഉറപ്പിച്ചാണ് ഇവരെ വിട്ടയച്ചത്. ചൈനയ്ക്കു സഹായമായി മരുന്നുകളും ഇന്ത്യ വ്യോമസേനാ വിമാനത്തില്‍ എത്തിച്ചു.

ഇറാനില്‍ നിന്ന് 389 പേരെയാണ് ഇന്ത്യ രക്ഷിച്ചത്. ആദ്യഘട്ടത്തില്‍ 234 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരുമാണു സംഘത്തിലുണ്ടായിരുന്നത്. വൈറസ് ബാധ രൂക്ഷമായ ഇറ്റലിയിലെ മിലാനില്‍നിന്ന് 218 ഇന്ത്യക്കാരെ എത്തിച്ചു. ജപ്പാനില്‍നിന്ന് 119 പേരെയും ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു പൗരന്മാരായ അഞ്ചുപേരെയും ഇന്ത്യ നാട്ടിലെത്തിച്ചു. ആഡംബരക്കപ്പലില്‍ ക്വാറന്റീനിലായിരുന്ന ഇവരെ പരിശോധനകള്‍ നെഗറ്റീവായതിനെ തുടര്‍ന്നു മാര്‍ച്ച് 14ന് മോചിപ്പിച്ചു.

ജപ്പാനിലെ യോകോഹാമ തുറമുഖത്തുനിന്നും രക്ഷിച്ചശേഷം മനേസറിലെ സൈനിക കേന്ദ്രത്തിലാണ് ഇവരെ താമസിപ്പിച്ചത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് 1031 പേരെയാണ് ഇന്ത്യ വിവിധ രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തിച്ചത്. ഇതില്‍ 48 പേര്‍ വിദേശികളാണ്. പരിശോധനകള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഐസലേഷനിലുള്ള 890 പേരെ വീടുകളിലേക്കു വിട്ടയച്ചു. നാട്ടിലെത്തിച്ചവരുടെ ചെലവുകളെല്ലാം വഹിച്ചതു സര്‍ക്കാരാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7