കൊവിഡ് 19 നെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 9,953 ആയി. രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7178 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. അതേസമയം കൊവിഡ് 19 വൈറസ് ബാധ ഒരു കോടി 25 ലക്ഷം പേരെ തൊഴില്‍രഹിതരാക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരാണ് മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ലൊമ്പാര്‍ടി നഗരത്തില്‍ 139 പേരാണ് മരിച്ചത്.
ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3405 ആയി. ചൈനയിൽ 3245. ഇറാനിൽ 1,284 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 843 പേരും ഫ്രാന്‍സില്‍ 372 പേരും മരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 171 ആയി. ബ്രിട്ടനില്‍ മരണം 140 കവിഞ്ഞു.
രോഗം പടരുന്ന സാഹചര്യത്തില്‍ യുകെയില്‍ സ്‌കൂളുകള്‍ അടച്ചു. അമേരിക്ക കാനഡയുമായുള്ള അതിര്‍ത്തി അടച്ചു. ഓസ്‌ട്രേലിയന്‍ വിമാന സര്‍വീസ് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. അമേരിക്കയില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി മരിയോ ഡയസ്ബാലാര്‍ട്ടിന് രോഗം സ്ഥിരീകരിച്ചു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹായ പാക്കേജില്‍ ഒപ്പുവച്ചു. കൊറോണ ബാധ സൗജന്യമായി രോഗ നിര്‍ണയം നടത്തുന്നതും രോഗബാധിതര്‍ക്ക് ശമ്പളത്തോടുള്ള അവധിയും ലഭ്യമാക്കുന്നതാണ് ദുരിതാശ്വാസ പാക്കേജ്. ഡിസംബറില്‍ ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം, ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ടഡ്രോസ് അഥനം പറഞ്ഞു. കൊറോണ വൈറസ് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment