മുംബൈ: കൊറോണ മൂലം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിയതുമൂലം ദേശീയ ടീമില്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും മറ്റും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടയില്‍ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ അഭിപ്രായപ്പെടുകയും ചെയ്തു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വസിം ജാഫര്‍ രംഗത്ത്.
ധോണി സമ്പൂര്‍ണ കായികക്ഷമത കൈവരിക്കുകയും ഫോം തെളിയിക്കുകയും ചെയ്താല്‍, താരത്തെ ഇപ്പോഴും ടീമില്‍ ഉള്‍ക്കൊള്ളിക്കാവുന്നതേയുള്ളൂവെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടി. വിക്കറ്റിനു പിന്നില്‍ ഇപ്പോഴും ധോണിയേക്കാള്‍ മികച്ചൊരു താരം ഇല്ലെന്നു പറഞ്ഞ ജാഫര്‍, ധോണി മടങ്ങിയെത്തിയാല്‍ ഋഷഭ് പന്തിനെ ബാറ്റ്‌സ്മാന്‍ മാത്രമായി കളിപ്പിക്കാവുന്നതേയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ജാഫര്‍ നിലപാട് വ്യക്തമാക്കിയത്.
കായികക്ഷമതയുടെ കാര്യത്തില്‍ കുഴപ്പമില്ലാതിരിക്കുകയും ധോണി ഫോം തെളിയിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ അവഗണിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. വിക്കറ്റിനു പിന്നിലും ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിലും ധോണിയുടെ പരിചയസമ്പത്തും മികവും ടീമിന് കരുത്താകും. രാഹുലിന്റെ സമ്മര്‍ദ്ദമകറ്റാന്‍ ധോണിയുടെ സാന്നിധ്യം സഹായിക്കും. ബാറ്റിങ് നിരയില്‍ ഒരു ഇടങ്കയ്യനെ വേണമെങ്കില്‍ ഋഷഭ് പന്തിനെ ധൈര്യമായി കളിപ്പിക്കുകയും ചെയ്യാം’ – ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം ദേശീയ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണി, ഐപിഎല്ലിലൂടെ കളത്തില്‍ വീണ്ടും സജീവമാകുമെന്നായിരുന്നു അഭ്യൂഹം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ താരം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീട്ടിവയ്ക്കുകയും റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തതോടെ, താരത്തിന്റെ മടങ്ങിവരവും സംശയത്തിലായി. ഇതിനിടെയാണ് ധോണി തിരിച്ചെത്തിയാലും ഇപ്പോഴത്തെ ടീമില്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടിയത്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സിലക്ടര്‍മാര്‍ കണ്ടെത്തിയതായും സേവാഗ് അഭിപ്രായപ്പെട്ടിരുന്നു.
Leave a Comment