തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയി. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ മൂന്ന് പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 30,936പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍. ഇന്ന് 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏപ്രില്‍ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. രണ്ടു മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ചാണ് നല്‍കുക. ഇതിനായി 1,320 കോടി അനുവദിക്കും. 50 ലക്ഷത്തില്‍ പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും ബിപിഎല്‍, അന്ത്യോദയ വിഭാഗത്തിലെ കുടുംബങ്ങളില്‍ ചിലര്‍ ഈ പെന്‍ഷന്‍ വാങ്ങുന്നില്ല. ആ പ്രയാസം കണക്കിലെടുത്ത് അവര്‍ക്ക് 1000 രൂപവീതം നല്‍കും. 100 കോടിരൂപ ഇതിനായി വിനിയോഗിക്കും.
സംസ്ഥാനത്താകെ എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാപേര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബിപിഎല്‍ അന്ത്യോദയ വിഭാഗങ്ങള്‍ക്ക് പുറമേ ഉള്ളവര്‍ക്ക് 10 കിലോ അരിയാണ് നല്‍കുന്നത്. ഇതിനായി 100 കോടി രൂപ അനുവദിച്ചു. 25 രൂപയ്ക്ക് ഭക്ഷണം കിട്ടുന്ന 1000 ഭക്ഷണശാലകള്‍ സെപ്റ്റംബറില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏപ്രിലില്‍ തന്നെ അവ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 25 രൂപയെന്നത് 20 രൂപയാക്കി. ഇതിന് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആരോഗ്യ പാക്കേജിനായി 500 കോടി വകയിരുത്തി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലില്‍ കൊടുക്കും. 14,000 കോടിരൂപ ഇതിനായി വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കും. ബസുകളില്‍ സ്‌റ്റേറ്റ് കാരിയറും കോണ്‍ട്രാക്റ്റ് കാരിയറും മൂന്നുമാസം നല്‍കേണ്ട നികുതിയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. സ്‌റ്റേറ്റ് കാരിയറുകള്‍ക്ക് ഏപ്രില്‍ മാസത്തെ നികുതിയിലാണ് ഇളവ് നല്‍കുന്നത്. അതിനു തുല്യമായി കോണ്‍ട്രാക്റ്റ് കാരിയറുകള്‍ക്കും ഇളവ് നല്‍കും. 23.60 കോടിയുടെ ഇളവാണ് ഇരു വിഭാഗങ്ങള്‍ക്കും നല്‍കുന്നത്. വൈദ്യുതി,വെള്ളം ബില്ല് പിഴ കൂടാതെ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചു. സിനിമാ തിയേറ്ററുകളുടെ വിനോദ നികുതിയില്‍ ഇളവ് നല്‍കും.