കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. എല്ലാത്തരം വായ്പകൾക്കും ഒരു വർഷത്തേക്കായിരിക്കും മൊറട്ടോറിയം അനുവദിക്കുക. ജപ്തി നടപടികൾ 3 മാസത്തേക്ക് നിർത്തിവെയ്ക്കാനും, അടിയന്തിര വായ്പ അനുവദിക്കാനും എസ്എൽബിസി പ്രത്യേക സബ് കമ്മിറ്റി തീരുമാനിച്ചു.
കൊവിഡ് 19 ബാധ മൂലം സംസ്ഥാനത്തെ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കേഴ്സ് സമിതി വിളിച്ചു ചേർത്ത പ്രത്യേക സബ് കമ്മിറ്റിയിലാണ് വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്. ജനുവരി 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയവർക്ക് ഒരു വർഷത്തേക്കാണ് മൊറട്ടോറിയം അനുവദിച്ചത്.
എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനാണ് തീരുമാനം. കഴിഞ്ഞ പ്രളയ കാലത്ത് വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിത്യേനയുള്ള ചെലവുകൾക്കായി അടിയന്തിര വായ്പ നൽകാനും എസ്എൽബിസി തീരുമാനിച്ചിട്ടുണ്ട്. 10000 രൂപ മുതൽ 25000 രൂപ വരെ ലഭിക്കുന്ന അടിയന്തിര വായ്പ നൽകാനാണ് ആലോചിക്കുന്നത്. കൂടാതെ ജപ്തി നടപടികൾ 3 മാസത്തേക്ക് നിർത്തിവെയ്ക്കാനും തീരുമാനിച്ചു. സബ് കമ്മിറ്റി തീരുമാനങ്ങൾ ഉടൻ തന്നെ റിസർവ് ബാങ്കിനെ അറിയിച്ച് അനുമതി തേടും.