കൊറോണ : മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍ പൊങ്കാലദിവസം നഗരത്തില്‍ ഉണ്ടായിരുന്നോ? ആശങ്കയുണര്‍ത്തി ചിത്രങ്ങള്‍

തിരുവനന്തപുരം: കൊറോണ മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കെ ആശങ്കയുണര്‍ത്തി നഗരത്തിലെ ഫ്രീലാന്‍സ് മാധ്യമ ഫൊട്ടോഗ്രഫറായ വി.വി.ബിജുവിന്റെ ചിത്രങ്ങള്‍. ആറ്റുകാല്‍ പൊങ്കാല നടന്ന മാര്‍ച്ച് ഒന്‍പതിന് നഗരത്തില്‍ ഒരു ഇറ്റാലിയന്‍ പൗരന്‍ ബൈക്കില്‍ സഞ്ചരിച്ചതു സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. കൊറോണ ബാധ മാര്‍ച്ച് 13ന് സ്ഥിരീകരിക്കപ്പെട്ട് , തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഒരു ഇറ്റാലിയന്‍ പൗരന്റെ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടതോടെയാണ് പലരും ആശങ്കയിലായത്.

പൊങ്കാല ദിവസം യുവതിക്കൊപ്പം ഒരു ഇറ്റാലിയന്‍ പൗരന്‍ നഗരത്തില്‍ എത്തിയതായാണ് വിവരം. ആയുര്‍വേദ കോളജ് ആശുപത്രിക്കു മുന്നില്‍ ബൈക്കിലെത്തിയ ഇയാള്‍ പാസ്‌പോര്‍ട്ട് പൊലീസുകാരെ കാണിച്ചു. പിന്നീട് കിഴക്കേക്കോട്ട ഭാഗത്തേക്ക് ബൈക്കോടിച്ചു പോയി. നഗരത്തിലെ ഫ്രീലാന്‍സ് മാധ്യമ ഫൊട്ടോഗ്രഫറായ വി.വി.ബിജുവാണ് പൊങ്കാലയ്ക്കിടെ പൊലീസ് ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതിന്റെ ചിത്രം പകര്‍ത്തിയത്.

വര്‍ക്കലയില്‍ താമസിക്കുന്ന ഇറ്റലിക്കാരന് കൊറോണ രോഗബാധ സ്ഥിരീകരിച്ചെന്ന വിവരമറിഞ്ഞതോടെ താന്‍ ചിത്രമെടുത്തയാളാണോ ഇയാള്‍ എന്ന സംശയത്തില്‍ ബിജു വര്‍ക്കലയിലും മെഡിക്കല്‍ കോളജിലും പലരെയും സമീപിച്ചെങ്കിലും സ്ഥിരീകരണം ലഭിച്ചില്ല. അതിവേഗം പടരുന്ന രോഗമായതിനാല്‍ ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച പൊലീസുകാരെയും വളന്റിയര്‍മാരെയും ഒപ്പമുണ്ടായിരുന്ന യുവതിയേയും ക്വാറന്റീന്‍ ചെയ്യേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ബിജു ഇതിനായി ശ്രമിച്ചത്. പൊങ്കാലദിവസം പകര്‍ത്തിയ ഇറ്റലിക്കാരന്റെ ചിത്രവും രോഗബാധ സ്ഥിരീകരിച്ചയാളുടെ പാസ്‌പോര്‍ട്ടിലെ ചിത്രവും ഏകദേശം സമാനമാണെന്നതാണ് ആശങ്കയുണര്‍ത്തുന്നത്. രോഗം സ്ഥിരീകരിച്ച ഇറ്റലി സ്വദേശി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

മാര്‍ച്ച് 9ന് പൊങ്കാല ദിവസം രാവിലെ 10.30നാണ് ഇറ്റാലിയന്‍ പൗരനും യുവതിയും നഗരത്തിലെത്തിയത്. വര്‍ക്കല സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് ബൈക്ക്. ബൈക്ക് റജിസ്‌ട്രേഷനായി ആര്‍ടിഒയില്‍ നല്‍കിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.

രോഗബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ഫെബ്രുവരി 27നാണ് മോസ്‌കോയില്‍നിന്ന് ഡല്‍ഹിയിലെത്തിയതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഫ്‌ലോ ചാര്‍ട്ടില്‍ പറയുന്നു. അന്നു രാവിലെ 10.20ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി (ഡൊമസ്റ്റിക്). പിന്നീട് വര്‍ക്കലയിലെ പാലന്‍ റിസോര്‍ട്ടിലേക്ക് പോയി. വര്‍ക്കലയില്‍ വിവിധ കടകളിലും ഹോട്ടലുകളിലും പോയ ഇയാള്‍ 29ന് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു. മാര്‍ച്ച് ഒന്നു മുതല്‍ 9വരെ ഇയാള്‍ എവിടെയെല്ലാം പോയെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ട ഫ്‌ലോ ചാര്‍ട്ടില്‍ ഇല്ല. പത്താം തീയതിയാണ് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജിലേക്ക് ഓട്ടോയില്‍ പോകുന്നത്. 11ന് കുറ്റിക്കാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തു. 13ന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular