കൊറോണ : ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവച്ചു

മുംബൈ: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ സീസണ്‍ അടുത്ത മാസം 15ലേക്കാണ് നീട്ടിയത്. ടൂര്‍ണമെന്റ് അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താനും പ്രാഥമിക ധാരണയായെന്നാണ് വിവരം. ഏപ്രില്‍ 15 വരെ ബിസിനസ് വീസകള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനാല്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്കു വരാനാകില്ല. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഐപിഎല്‍ നീട്ടിവച്ചത്.

പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐയെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ സാഹചര്യത്തില്‍ ആരാധകരുള്‍പ്പെടെ ഐപിഎല്ലുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവമാണ് ബിസിസിഐയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ കായിക, ആരോഗ്യ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണ വിഭാഗങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് ലക്ഷ്യമിടുന്നത്’ – പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയില്‍ ബിസിസിഐ വ്യക്തമാക്കി. സെക്രട്ടറി ജയ് ഷായാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബിസിസിഐ ഉള്‍പ്പെടെ രാജ്യത്തെ വിവിധ കായിക സംഘടനകള്‍ക്ക് കത്തയച്ചിരുന്നു. ഒഴിവാക്കാനാകാത്ത മത്സരങ്ങളോ ടൂര്‍ണമെന്റുകളോ ഉണ്ടെങ്കില്‍ ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട മൈതാനത്തു നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.

ഐപിഎല്‍ നീട്ടിവച്ചെങ്കിലും നിലവില്‍ നടന്നുവരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാണ് തീരുമാനം. ഇന്നലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം 15ന് ലക്‌നൗവിലും മൂന്നാം മത്സരം 18ന് കൊല്‍ക്കത്തയിലുമാണ് നടക്കേണ്ടത്. ഈ മത്സരങ്ങളില്‍ കാണികളെ അനുവദിക്കില്ലെന്ന് ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് അടച്ചിട്ട മൈതാനങ്ങളിലാകും ഈ മത്സരങ്ങള്‍ നടത്തുക. ശനിയാഴ്ച ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ചെന്നൈയിന്‍ എഫ്!സി – എടികെ ഐഎസ്എല്‍ ഫൈനലും അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക.

pathram:
Leave a Comment