പാലാരിവട്ടം മേല്‍പ്പാലം അഴിമതി : ‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം മുന്‍ ഗതാഗതമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചുവെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓഫീസിലെ ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.

മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10 കോടി ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലും റെയ്ഡ് നടക്കുന്നത്.

അതേസമയം, അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല. കളമശേരി സീറ്റാണ് ഇതിനെല്ലാം കാരണം. അതിനു വേണ്ടി ഇത്രയ്ക്ക് വേണ്ടിയിരുന്നോ? യു.ഡി.എഫിന്റെ എല്ലാ പിന്തുണയും തനിക്കുണ്ട്. തന്നെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കും. കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണിത്. വിജിലന്‍സ് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തോട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും

Similar Articles

Comments

Advertismentspot_img

Most Popular